നാശം വിതച്ച് ഓഖി, മരണം ഏഴായി
മണിക്കൂറുകൾ നീണ്ട രക്ഷ പ്രവർത്തനങ്ങൾക്കൊടുവിലാണ് കടലിൽ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളിൽ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകൾ നീണ്ട രക്ഷ പ്രവർത്തനങ്ങൾക്കൊടുവിലാണ് കടലിൽ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളിൽ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്.
തെക്കൻ കേരളത്തിൽ കനത്ത നാശമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് കടലിൽ കുടുങ്ങിപ്പോയ ത് 200ലേറെ മത്സ്യത്തൊഴിലാളികൾ. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇവരിൽ ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. പലരെയും തണുത്ത് മരവിച്ച അവസ്ഥയിലാണ് കരക്കെത്തിച്ചത്. വ്യോമ-നാവിക സേനയുടേയും കോസ്റ്റ് ഗാർഡിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കടലില്‍നിന്ന് രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരാണ് മരിചത്. സാരമായ ആരോഗ്യ പ്രശ്നങ്ങളുളളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്കായി പ്രത്യേക വാർഡുകളും ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെയും കടലാക്രമണം ബാധിച്ചു.
കനത്തമഴയിലും കാറ്റിലും അരുവിക്കര മണ്ഡലത്തിലെ വിതുരയിലെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലായി. ജില്ലയിലെ മലയോര മേഖലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിൽ വനം-റവന്യു, ഫയർഫോഴ്സ്, പോലീസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാളെ രാവിലെ വരെ തെക്കൻ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.