ഭൂമിയിടപാട് വിവാദത്തില്‍ അതിരൂപത ഇടയലേഖനമിറക്കും
ഭൂമിയിടപാട് വിവാദത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ ആഭ്യന്തര ഭിന്നത കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് വൈദിക സമിതി യോഗം ചേര്‍ന്നത്.
ഭൂമിയിടപാട് വിവാദമുള്‍പ്പെടുത്തി എറണാകുളം - അങ്കമാലി അതിരൂപത ഇടയലേഖനമിറക്കും. കര്‍ദ്ദിനാളും സഹായമെത്രാന്മാരും ചേര്‍ന്നാകും ഇടലേഖനം തയ്യാറാക്കുക. വൈദിക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. വൈദിക സമിതിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തല്‍കാലം അംഗീകരിക്കാനാവില്ലെന്നും വിശദമായി പഠിക്കേണ്ടതുണ്ടെന്നും കര്‍ദ്ദിനാള്‍ യോഗത്തെ അറിയിച്ചു.
ഭൂമിയിടപാട് വിവാദത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ ആഭ്യന്തര ഭിന്നത കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് വൈദിക സമിതി യോഗം ചേര്‍ന്നത്. ഭൂമിയിടപാട് വിവാദത്തെക്കുറിച്ച് ഇടയലേഖനമിറക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിന്റെ ഉള്ളടക്കം കര്‍ദ്ദിനാളും സഹായമെത്രാന്മാരും ചേര്‍ന്നാകും തയ്യാറാക്കുക. ഈ ഇടയലേഖനം അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കും. നേരത്തെ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്വന്തം നിലയ്ക്ക് തയ്യാറാക്കി വൈദികര്‍ക്കായി നല്‍കിയ സര്‍ക്കുലര്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം ഫാ. ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ ആറംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും തല്‍ക്കാലം അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാട് കര്‍ദ്ദിനാള്‍ യോഗത്തില്‍ സ്വീകരിച്ചു. റിപ്പോട്ടിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വൈദിക സമിതി വീണ്ടും വിളിച്ചുചേര്‍ക്കും. അതിരൂപതയിലെ കൂടുതല്‍ ഭരണച്ചുമതലകള്‍ സഹായമെത്രാന്മാര്‍ക്ക് കൈമാറാനുള്ള സിനഡ് നിര്‍ദേശം നടപ്പാക്കാനുള്ള തീരുമാനം കര്‍ദ്ദിനാള്‍ യോഗത്തില്‍ വിശദീകരിച്ചു.
സത്യദീപം കത്തിച്ച് പ്രതിഷേധിച്ചതിനെയും അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്ററിലെ വിമത യോഗം ഒരു വിഭാഗം അലങ്കോലപ്പെടുത്തിയതിനെയും വൈദിക സമിതി അപലപിച്ചു. 47 അംഗങ്ങള്‍ വൈദിക സമിതി യോഗത്തില്‍ പങ്കെടുത്തു. പുതിയ പാസ്റ്ററല്‍ കൌണ്‍സിലിന്റെ ആദ്യ യോഗം വിളിച്ചുചേര്‍ക്കുന്നത് നീട്ടിവെക്കാനും ധാരണയായി.