കുരീപ്പുഴക്കെതിരെ ആര്‍എസ്എസ് ആക്രമണം
കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ കയ്യേറ്റശ്രമം.
കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ കയ്യേറ്റശ്രമം. കൊല്ലം കടയ്ക്കലില്‍ വച്ചാണ് ഒരു സംഘമാളുകള്‍ കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കുരീപ്പുഴ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുരീപ്പുഴ ശ്രീകുമാര്‍. വടയമ്പാടി സമരമടക്കമുള്ള വിഷയങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രസംഗശേഷം മടങ്ങവേ ഒരു സംഘമാളുകള്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കുരീപ്പുഴയുടെ കാറിന്‍റെ ഡോര്‍ ഇവര്‍ പിടിച്ചടച്ചു. കാറില്‍ ശക്തിയായി അടിക്കുകയും ചെയ്തു. ഇതോടെ സംഘാടകരെത്തി തന്നെ സംരക്ഷിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു.
പിന്നീട് കുരീപ്പുഴ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റശ്രമത്തിനുമടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി അക്രമികളെ ഉടന്‍ പിടികൂടണമെന്ന് കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.