തുടിയുരുളിപ്പാറയില്‍ ഉദ്യോഗസ്ഥ - രാഷ്ട്രീയ ഒത്താശയോടെ അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നു
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും കള്ളക്കേസുകളില്‍ കുടുക്കിയുമാണ് പ്രദേശവാസികളെ ക്വാറി മാഫിയ നിശബ്ദമാക്കുന്നത്.
ഒരു നാടിന്‍റെ വെള്ളവും ശുദ്ധവായുവും ഇല്ലാതാക്കിയാണ് പത്തനംതിട്ട തുടിയുരുളിപ്പാറയിലെ അനധികൃത ക്വാറിയുടെ പ്രവര്‍ത്തനം. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും കള്ളക്കേസുകളില്‍ കുടുക്കിയുമാണ് പ്രദേശവാസികളെ ക്വാറി മാഫിയ നിശബ്ദമാക്കുന്നത്. ഉദ്യോഗസ്ഥ - രാഷ്ട്രീയ ഒത്താശ കൂടി ആയതോടെ ഒരു മലനിരയിലെ ജീവജാലങ്ങളും ജീവിതങ്ങളുമാണ് ഇല്ലാതാകുന്നത്.
പാര്‍വതി സമേതനായ പരമശിവന്റെ തുടിയുരുണ്ടുപോയ പാറ തുടിയുരുളിപ്പാറയെന്നും അത് വന്ന് പതിച്ച വയല്‍ തുടിവീണവയല്‍ എന്നുമാണ് ഐതിഹ്യം. തൊട്ടടുത്തുണ്ടായിട്ടും ഈ പാറയില്‍ നിന്ന് എറിഞ്ഞാല്‍ കല്ലുപതിക്കാത്ത പാറയ്ക്ക് ഏറ് കൊളളാപ്പാറയെന്ന് പേര് വീണു. 2011ല്‍ ഇവിടെ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ ഏറ്കൊള്ളാപ്പാറ ഓര്‍മയായി.
തുടിയുരുളിപ്പാറിയില്‍ ആളുകള്‍ പ്രവേശിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് കാട്ടി 2014 നവംബറില്‍ അടൂര്‍ ആര്‍ഡിഒ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ നാളിത് വരെയുള്ള പൊലീസ് രേഖകള്‍ ഇതിന് വിരുദ്ധമാണ്. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ആരാധന നടക്കുന്നത്. പാറമടയുടെ പാട്ടക്കരാറിന്റെ കാലാവധി കഴിയുന്നതിനാല്‍ പാറമട ഉടമ തുടിയുരുളിപ്പാറ കൈവശപ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.