'ആക്രമിക്കപ്പെട്ടപ്പോൾ സെൽഫിയെടുത്തതിനോടേ ഉപമിക്കാനാവൂ' സെവാഗിന് മലയാളി ഡോക്ടറുടെ തുറന്ന കത്ത്
മധുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയത കലര്‍ത്തിയ സെവാഗിന്റെ ട്വീറ്റിന് മറുപടിയുമായി മലയാളി ഡോക്ടര്‍. ഒരു എക്സ് ഫാന് നല്‍കാനുള്ള മറുപടി എന്ന നിലയിലാണ്
മധുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയത കലര്‍ത്തിയ സെവാഗിന്റെ ട്വീറ്റിന് മറുപടിയുമായി മലയാളി ഡോക്ടര്‍. ഒരു എക്സ് ഫാന് നല്‍കാനുള്ള മറുപടി എന്ന നിലയിലാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ സെവാഗിനുള്ള തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികളിലെ മുസ്ലിം പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കൊലപാതകത്തെ അപലപിച്ചുകൊണ്ടുള്ള സെവാഗിന്റെ ട്വീറ്റ്. ട്വീറ്റിന് താഴെ muslimskillmadhu എന്ന ഹാഷ്ടാഗും പ്രചരിച്ചു. ഇതിനുപിറകെയാണ് സെവാഗിനുള്ള കത്ത് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റിൽ നിങ്ങളുടെ പേടിയില്ലാത്ത സമീപനത്തിന്റെ ആരാധകനായിരുന്നു താനെന്നും എന്നാല്‍ നിങ്ങളുടെ സമകാലീനരുടെ അതേ മാന്യത കളത്തിലും പുറത്തും നിങ്ങളും കാണിക്കുമെന്ന് കരുതിയതില്‍ നിരാശനാകേണ്ടിവന്നതായും പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.
''നിങ്ങൾ അയാളുടെ ചിത്രം നിങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചു. ഞങ്ങള്‍ക്കതിനെ അയാൾ ആക്രമിക്കപ്പെട്ടപ്പോൾ സെൽഫി എടുത്തതിനോടേ ഉപമിക്കാനാവൂ. മതത്തിന്റെ നിറം ചേർക്കാൻ ശ്രമിക്കുകയാണു താങ്കൾ ചെയ്തത്. ചില പേരുകൾ മാത്രം ചേർക്കാൻ.. ഈ പ്രശ്നത്തിൽ വർഗീയതയില്ല. പ്രശ്നവും പരിഹാരവും കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും.'' കത്തില്‍ പറയുന്നു. അതേ സമയം, കേരളത്തിനു പുറത്ത് നിന്ന് ഞങ്ങൾ കേട്ട ദുരഭിമാനക്കൊലകളുടെയും പശുവിന്റെ പേരിലും മറ്റുമുള്ള അക്രമങ്ങളുടെയും ഒരുപാട് കഥകൾ നിങ്ങളൊരുപക്ഷേ കേട്ടുകാണില്ലെന്നും ഡോക്ടര്‍ വിമര്‍ശിച്ചു. ഇംഗ്ലീഷില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. കത്ത് ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കത്തിന്റെ പൂര്‍ണരൂപം:
To
വീരേന്ദർ സെവാഗ്
നിങ്ങൾ എതിരാളികളെ തകർത്തെറിയുന്നത് കണ്ടാണ് ഞാൻ വളർന്നത്. കളിയിൽ നിങ്ങളുടെ പേടിയില്ലാത്ത സമീപനത്തിന്റെ ഒരു ആരാധകനായിരുന്നു ഞാനും. നിങ്ങളുടെ സമകാലീനരുടെ അതേ മാന്യത കളത്തിലും പുറത്തും നിങ്ങൾ കാണിക്കുമെന്ന് ഞാൻ കരുതുകയും ചെയ്തിരുന്നു. പക്ഷേ അവിടെയെനിക്ക് നിരാശനാകേണ്ടിവന്നു...
വീരൂ നിങ്ങളോടെനിക്ക് ബഹുമാനമുണ്ടായിരുന്നു.... ഇനിയില്ല.
നിർഭാഗ്യകരമായിരുന്നു, ഏറ്റവും കുറഞ്ഞത് അങ്ങനെയെങ്കിലും പറയണം..ഞങ്ങൾക്കതിനെ, ഒരു തലച്ചോറില്ലാത്ത ജനക്കൂട്ടം ചെയ്തതിനെ ന്യായീകരിക്കാൻ യാതൊരു താല്പര്യവുമില്ല. ഒരിക്കലും നടക്കരുതാത്തതായിരുന്നത്.
മറ്റ് ചിലയിടങ്ങളിലെപ്പോലെയല്ലായിരുന്നു ഇവിടം. ഞങ്ങൾക്ക് ഇത്തരം സംഭവങ്ങൾ താരതമ്യേന പുതുമയായിരുന്നു. നിങ്ങളിപ്പൊ ചെയ്തതുപോലെയുള്ള ഒന്നിലധികം ആക്രമണങ്ങളെ, ഇവിടെ രാഷ്ട്രീയ - മത വേർതിരിവുകളുണ്ടാക്കാൻ ശ്രമിക്കുന്ന ആക്രമണങ്ങളെ ഞങ്ങൾ ഒന്നിച്ച് നിന്നാണെതിർത്തത്.
അതേ സമയം കേരളത്തിനു പുറത്ത് നിന്ന് ഒരുപാട് കഥകൾ ഞങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. നിങ്ങളൊരുപക്ഷേ കേട്ടുകാണില്ല...
- ദുരഭിമാനക്കൊലകളുടെ കഥകൾ
- പശുവിന്റെ പേരിലുള്ള പീഢനവും കൊലയും
- സിനിമയുടെ പേരിൽ കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുന്നു
- ഓക്സിജൻ കിട്ടാതെ ശിശുമരണം. അത് തടയാൻ ശ്രമിച്ച ഡോക്ടർക്ക് ശിക്ഷ
- ശിശുപീഢകനെ തുറന്ന് വിടാൻ ദേശീയപതാക വഹിച്ചുകൊണ്ട് പ്രതിഷേധ റാലി
ഒരേസമയം ആശ്വാസവും അഭിമാനവും തോന്നിയിരുന്നു, ഇവിടെ അതൊന്നും നടക്കുന്നില്ലല്ലോ എന്നോർത്ത്. ഒരു നിമിഷം അലസമായിരുന്നപ്പൊ ഇത് സംഭവിച്ചു. ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു...അതിൽ വീഴ്ച വന്നതിൽ ആത്മാർഥമായ ദുഖവുമുണ്ട്.
പക്ഷേ മറ്റിടങ്ങളിലെപ്പോലല്ല. ഞങ്ങൾ കുറ്റവാളികളുടെ ഒപ്പം നിൽക്കില്ല. നിയമം അതിന്റെ വഴി സ്വീകരിക്കും. കുറ്റവാളികൾ നിയമപരമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തും.
പക്ഷേ നിങ്ങൾ ചെയ്തതും തെറ്റുതന്നെ. നിങ്ങൾ അയാളുടെ ചിത്രം നിങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചു. ഞങ്ങളതിനെ അയാൾ ആക്രമിക്കപ്പെട്ടപ്പോൾ സെൽഫി എടുത്തതിനോടേ ഉപമിക്കാനാവൂ. മതത്തിന്റെ നിറം ചേർക്കാൻ ശ്രമിക്കുകയാണു താങ്കൾ ചെയ്തത്. ചില പേരുകൾ മാത്രം ചേർക്കാൻ..
ഈ പ്രശ്നത്തിൽ വർഗീയതയില്ല. പ്രശ്നവും പരിഹാരവും കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും. അങ്ങനെയാണ് കേരളം ഒന്നാമതെത്തിയത്.. അവിടെ തുടരാൻ പോവുന്നതും അങ്ങനെയായിരിക്കും. അതിൽ നിന്ന് ശ്രദ്ധ മാറ്റുന്ന ഒന്നും ഞങ്ങളാഗ്രഹിക്കുന്നില്ല.. അത് നിങ്ങളായാലും..
നിങ്ങളുടെ ഓരോ റണ്ണിനും ഞങ്ങൾ ആർപ്പുവിളിച്ചതാണ്...ഇപ്പോൾ നിങ്ങളെന്താണു ചെയ്തതെന്ന് നോക്കൂ...
ഞാൻ നിങ്ങളെ ബഹുമാനിച്ചിരുന്നു..
ഇപ്പോഴില്ല
An Ex Fan
@virendersehwag : Please don't make wild swipes at every ball. This is an ongoing investigation. So don't jump into conclusions.. pic.twitter.com/fyMqMSXe0n
— Nelson (@neljp) February 24, 2018