വരട്ടാര്‍ തീരത്ത് നടപ്പാത; ചെങ്ങന്നൂരില്‍ പിന്നെയും ഉദ്ഘാടനം
തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ഐസക്
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വരട്ടാറിലെ നടപ്പാത ഉദ്ഘാടനം ചെയ്തതിനെതിരെ യുഡിഎഫ് രംഗത്ത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെങ്ങന്നൂരില്‍ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നുവെന്നാണ് യുഡിഎഫ് ആരോപണം. എന്നാല്‍ ചടങ്ങിന് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.
ആദി-പമ്പ വരട്ടാര്‍ പുനരുജ്ജീവന പരിപാടിയുടെ രണ്ടാം ഘട്ടമായ നടപ്പാത നിര്‍മാണത്തിന്റെ ഉദ്ഘാടനമാണ് ചെങ്ങന്നൂരില്‍ ധനകാര്യമന്ത്രി തോമസ് ഐസക് നിര്‍വഹിച്ചത്. മന്ത്രി മാത്യു ടി തോമസ് അധ്യക്ഷനായിരുന്നു. തെരഞ്ഞെടുപ്പുള്ളപ്പോള്‍ മാത്രമല്ല വരട്ടാറ്‍ സംരക്ഷണത്തിനെത്തിയിട്ടുള്ളതെന്ന് പറഞ്ഞാണ് തോമസ് ഐസക് യു ഡി എഫ് ആരോപണത്തെ നേരിട്ടത്.
വരട്ടാറിന്റെ തീരങ്ങള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിനും വശങ്ങളില്‍ ഇന്റര്‍ലോക്ക് പാകിയ നടപ്പാതകള്‍ നിര്‍മ്മിക്കുന്നതിനും ജൈവ വൈവിധ്യ സംരക്ഷണത്തിനും വനവത്കരണത്തിനുമായി 7.70 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായ ഭാഗത്ത് നടപ്പാത നിര്‍മിക്കാന്‍ 2.20 കോടി രൂപയുടെ ടെണ്ടര്‍ നടപടിയും പൂര്‍ത്തിയായി.