എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാന്ത്വന ചികിത്സാ ആശുപത്രി പ്രഖ്യാപനത്തിലൊതുങ്ങി
2010ലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കാസര്‍കോട് സാന്ത്വന ചികിത്സാ ആശുപത്രി സ്ഥാപിക്കാന്‍ കമ്മീഷന്‍ ശിപാര്‍ശചെയ്തത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശചെയ്ത സാന്ത്വന ചികിത്സാ ആശുപത്രി സ്ഥാപിക്കുന്നതിന് ഇതുവരെയായി നടപടി ഉണ്ടായില്ല. 2010ലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കാസര്‍കോട് സാന്ത്വന ചികിത്സാ ആശുപത്രി സ്ഥാപിക്കാന്‍ കമ്മീഷന്‍ ശിപാര്‍ശചെയ്തത്.
2010 ഡിസംബര്‍ 31നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള ശിപാര്‍ശകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയത്. ദുരിതബാധിതര്‍ക്കായി സാന്ത്വന ചികിത്സാ ആശുപത്രി സ്ഥാപിക്കണമെന്നതായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ അനുദിക്കുന്ന സ്ഥലത്ത് കേന്ദ്രസര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ വര്‍ഷം പലത് കഴിഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സാന്ത്വനത്തിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആശുപത്രി സ്ഥാപിക്കുന്നതിന് നടപടി ഉണ്ടായിട്ടില്ല.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ഏറെയും മനോവിഷമം നേരിടുന്നവരാണ്. ഇവര്‍ നേരിടുന്ന മാനസിക സമ്മര്‍ദമാണ് പല ദുരിതബാധിതരെയും ആത്മഹത്യയിലെത്തിക്കുന്നത്. സാന്ത്വന ചികിത്സാ ആശുപത്രി സ്ഥാപിക്കപ്പെടുന്നതോടെ ദുരിതബാധിതരുടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം.