ടീം സോളാറിന് വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-05-31 03:02 GMT
ടീം സോളാറിന് വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
Advertising

നേരിട്ട് വിസ്തരിക്കണമെന്ന സരിത എസ് നായരുടെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി വീണ്ടും ഹാജരായത്

സ്റ്റാഫുകള്‍ ഫോണ്‍ ചെയ്തതല്ലാതെ തന്റെ ഓഫീസ് യാതൊരുവിധത്തിലുള്ള വഴിവിട്ട സഹായവും ടീം സോളാറിന് ചെയ്തുകൊടുത്തിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനിടെ വിസ്താരത്തിനിടെ അനാവശ്യമായി നിരന്തരം ഇടപെട്ടതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനെ കമ്മീഷന്‍ താക്കീത് ചെയ്തു. ഉമ്മന്‍ചാണ്ടിയെ നാളെ സരിതയുടെ അഭിഭാഷകന്‍ വിസ്തരിക്കും.

Full View

തന്റെ പേഴ്സണല്‍ സ്റ്റാഫിലെ ചിലര്‍ വഴിവിട്ട് ഫോണ്‍ ചെയ്തത് മാത്രമാണ് സോളാര്‍ കേസിലെ തന്റെ ഓഫീസിന്റെ ഇടപെടല്‍ എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മീഷന് മുമ്പാകെ മൊഴി നല്‍കി. ഇതിന് അവര്‍ക്കെതിരെ നടപടി എടുത്തെന്നും അതേസമയം തന്റെ ഓഫീസിന്റെ ഒരു ലെറ്റര്‍ പാഡ് പോലും സരിതയുടെ കമ്പനിക്ക് ലഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറഞ്ഞ നിക്ഷേപത്തില്‍ വലിയ ലാഭം കൊയ്യാന്‍ ശ്രമിച്ചവരാണ് തട്ടിപ്പിനിരയായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സരിതയ്ക്കൊപ്പം മല്ലേലില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന മുന്‍വാദത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. കുഞ്ഞി ഇല്ലമ്പിള്ളി വഴി 1.25 കോടി രൂപ കൈപറ്റിയെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകയുടെ ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. ബിജുവില്‍ നിന്ന് പണം വാങ്ങിയത് പുറത്ത് വരാതിരിക്കാനാണ് ബിജു രാധാകൃഷ്ണനെ കൊലകേസില്‍ കുടുക്കിയതെന്നവാദവും ഉമ്മന്‍ ചാണ്ടി തള്ളി. അതിനിടെ സരിതയ്ക്ക് ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പകരം അഭിഭാഷകന്‍ വിസ്തരിക്കുമ്പോള്‍ സമീപത്ത് ഇരുന്ന് നിര്‍ദേശം നല്‍കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇന്നത്തെ വിസ്താരത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ വക്കീല്‍ നിരന്തരം ഇടപെടുന്നതിനെതിരെ എതിര്‍കക്ഷികള്‍ എതിര്‍ത്തത് വാക്കേറ്റത്തിനിടയാക്കി. അനാവശ്യമായി ഇടപെട്ടാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വക്കീലിനെതിരെ പരാമര്‍ശം ഉള്‍പ്പെടുത്തുമെന്നുമെന്ന് കമ്മീഷന്‍ താക്കീത് ചെയ്യുകയും ചെയ്തു.

Tags:    

Similar News