മക്കളെ പോലും കാണാന്‍ അനുവദിച്ചില്ല; മരണം സ്ഥിരീകരിച്ചത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍
അഹമ്മദിനെ കാണുന്നതിന് ബന്ധുക്കളെയടക്കം വിലക്കിയത് ദുരൂഹതയുണ്ടാക്കി
അത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇ അഹമ്മദിന്റെ മരണം ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അഹമ്മദിനെ കാണുന്നതിന് ബന്ധുക്കളെയടക്കം വിലക്കിയത് ദുരൂഹതയുണ്ടാക്കി. രാത്രി വൈകി ആശുപത്രിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഒടുവില്‍ ശക്തമായ പ്രതിഷേധത്തിന് ശേഷം ബന്ധുക്കള്‍ ഈ അഹമ്മദിനെ കാണുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.
അതീവ പരിചരണ വിഭാഗത്തില്‍ നിന്ന് ഉച്ചയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയ ഇ അഹമ്മദിന്‍റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നത് വരെ ലഭിച്ചിരുന്നില്ല. സന്ദര്‍ശകരെ പൂര്‍ണ്ണമായും വിലക്കിയിരുന്നു. വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലെത്തിയ മക്കള്‍ക്കും മരുമകനും അദ്ദേഹത്തെ കാണാന്‍ അനുവാദം ലഭിച്ചില്ല. ചികിത്സാ വിവരങ്ങള്‍ കൈമാറാനും തയ്യാറായില്ല.
വിവരമറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ അര്‍ധ രാത്രിയോടെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ചയും നടത്തി. എന്നിട്ടും ഫലം കണ്ടില്ല. ഡോക്ടര്‍മാരായ മകളുടെയും മരുമകന്‍റെയും സാന്നിധ്യത്തില്‍ അഹമ്മദിനെ പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന് പകരം കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ അണിനിരത്തി ഭീതി സൃഷ്ടിക്കുകയാണ് അധികൃതര്‍ ചെയ്തത്. സഹികെട്ട് എംപിമാരായ എം കെ രാഘവന്‍, ആന്‍റോ ആന്‍റണി, ഇ ടി മുഹമ്മദ് ബഷീര്‍, എ പി അബ്ദുല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ഇതോടെ മക്കള്‍ക്കും മരുമകനും പ്രവേശം നല്‍കി. മരണം സ്ഥിരീകരിക്കുകയും ചെയ്തു.
ബജറ്റവതരണം മുടങ്ങുമെന്നതിനാല്‍ മരണം സ്ഥിരീകരിക്കുന്നത് വൈകിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് ആശുപത്രി അധികൃതരുടെ അസാധാരണ നടപടിക്ക് പിന്നിലെന്നാണ് സൂചന.