സുഭിക്ഷ ക്രമക്കേടില്‍ ഭരണസമിതി വിശദീകരണത്തില്‍ സര്‍ക്കാര്‍ വീണ്ടും വിശദീകരണം തേടി
സി പി എം നേതാക്കള്‍ നടത്തിയ സുഭിക്ഷ അഴിമതി ബ്‌ളോക്ക് പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് അംഗം വി ആലീസ് മാത്യു പറഞ്ഞു
ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവെച്ച് കോഴിക്കോട് പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സുഭിക്ഷ പദ്ധതിയിലെ ക്രമക്കേടുകളില്‍ ഭരണ സമിതി അംഗങ്ങളോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് മുന്‍ഭരണ സമിതി നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായമുണ്ടായിരുന്ന സുഭിക്ഷ പദ്ധതി സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെ ലക്ഷ്യം കാണാതെ പരാജയപ്പെടുകയായിരുന്നു. സിപിഎം നേതാവ് ചെയര്‍മാനായി രൂപീകരിച്ച സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ ആസ്തിയുള്‍പ്പെടെ കൈമാറിയത്. ഇരു സ്ഥാപനങ്ങളും ഒന്നാണെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ടിന് മുന്‍ ഭരണ സമിതി നല്‍കിയ വിശദീകരണം. ഈ വിശദീകരണം ഓഡിറ്റ് വിഭാഗം തള്ളി.
സി പി എം നേതാക്കള്‍ നടത്തിയ സുഭിക്ഷ അഴിമതി ബ്‌ളോക്ക് പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് അംഗം വി ആലീസ് മാത്യു പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നടപടി വൈകുന്നത് തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിലുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നും ബ്‌ളോക്ക് പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.
ബ്‌ളോക്ക് പഞ്ചായത്ത് യോഗത്തിന്റെയും സുഭിക്ഷ കമ്പനിയുടെയും മിനുട്‌സുകള്‍ തിരുത്തിയതുള്‍പ്പെടെ ഗുരുതര ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.