വയനാട് നരിനിരങ്ങി മലനിരകള്‍ റിസോര്‍ട്ട് മാഫിയയുടെ കയ്യില്‍
ഒരു കെട്ടിടം നിര്‍മിക്കാനുള്ള അനുമതിയുടെ മറവില്‍ പതിനഞ്ചോളം കെട്ടിടങ്ങളാണ് ഇവിടെ പണിതുയര്‍ത്തുന്നത്
വയനാട് തിരുനെല്ലിയിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള നരിനിരങ്ങി മലനിരകള്‍ റിസോര്‍ട്ട് മാഫിയ കൈയടക്കുന്നു. ഒരു കെട്ടിടം നിര്‍മിക്കാനുള്ള അനുമതിയുടെ മറവില്‍ പതിനഞ്ചോളം കെട്ടിടങ്ങളാണ് ഇവിടെ പണിതുയര്‍ത്തുന്നത്. പഞ്ചായത്ത് ആവര്‍ത്തിച്ച് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും റിസോര്‍ട്ട് ഉടമകള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
ഇത് വയനാട് തിരുനെല്ലിയിലെ നരിനിരങ്ങി മല. ബ്രഹ്മഗിരി മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും അതീവ പരിസ്ഥിതി ലോല പ്രദേശമെന്ന് പരാമര്‍ശമുള്ള സ്ഥലം. തൃശൂര്‍ ആസ്ഥാനമായ ഹോട്ടല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വില്ലകളുടെ നിര്‍മാണം പുരോഗമിക്കുകയാണിവിടെ.
വന്‍ പാറകളിളക്കിയും മല തുരന്നുമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് കണ്ടെത്തിയ തിരുനെല്ലി പഞ്ചായത്ത് ഭരണസമിതി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ സമ്പാദിച്ച ഹൈക്കോടതി ഉത്തരവില്‍ ഒരു കെട്ടിടത്തിന് മാത്രമാണ് അനുമതിയുള്ളത്. കോടതി ഉത്തരവിന്റെ മറവില്‍ പതിനഞ്ചോളം റിസോര്‍ട്ടുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. പഞ്ചായത്തിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് നിര്‍മാണം നടത്തുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി വീണ്ടും സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും നിര്‍മാണം തുടരുകയാണ്.