ചേര്‍ത്തല നഴ്‌സ് സമരം ഒത്തുതീര്‍പ്പായില്ല
നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നഴ്‌സുമാരെ പിരിച്ചു വിട്ടതിനെതിരെയാണ് കെ വി എം ആശുപത്രിയില്‍ സമരമാരംഭിച്ചത്
ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നേഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉത്തരവാദിത്വപ്പെട്ടവരാരും എത്താത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇതിനു മുന്‍പ് മൂന്നു വട്ടം നടത്തിയ ചര്‍ച്ചകളിലും തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരെ പങ്കെടുപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല.
നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നഴ്‌സുമാരെ പിരിച്ചു വിട്ടതിനെതിരെയാണ് കെ വി എം ആശുപത്രിയില്‍ സമരമാരംഭിച്ചത്. സമരം ആരംഭിക്കുന്നതിനു മുന്‍പും അതിനു ശേഷവുമെല്ലാം മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സിങ്ങ് ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തീരുമാനം പ്രഖ്യാപിയ്ക്കാന്‍ കഴിയുന്ന ആരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെന്നും മാനേജ്‌മെന്റ് ജീവനക്കാരെ മാത്രം അയയ്ക്കുന്നുവെന്നുമാണ് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ പറയുന്നത്.
ഇതേ കാരണം കൊണ്ടു തന്നെയാണ് ശനിയാഴ്ച ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടത്. പിരിച്ചു വിട്ട രണ്ടു പേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാതെ സമരമവസാനിപ്പിക്കില്ലെന്നാണ് നഴ്‌സുമാരുടെ നിലപാട്.