തസ്തിക പുനര്‍ നിര്‍ണ്ണയം നടക്കാത്തതു മൂലം നിയമനാംഗീകാരം ലഭിക്കാതെ പതിനായിരത്തിലധികം അധ്യാപക, അനധ്യാപകര്‍
2016 ന് ശേഷം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് ജോലിയില്‍ പ്രവേശിച്ചവരാണ് ആശങ്കയിലും ദുരിതത്തിലുമായിരിക്കുന്നത്
തസ്തിക പുനര്‍ നിര്‍ണ്ണയം നടക്കാത്തതും കെഇആര്‍ ഭേദഗതിയും മൂലം നിയമനാഗീകാരം ലഭിക്കാതെ സംസ്ഥാനത്ത് പതിനായിരത്തിലധികം അധ്യാപക,അനധ്യാപകര്‍. 2016 ന് ശേഷം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് ജോലിയില്‍ പ്രവേശിച്ചവരാണ് ആശങ്കയിലും ദുരിതത്തിലുമായിരിക്കുന്നത്.
നിയമന അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ സെപ്തംബര്‍ 28ന് മുന്‍പ് തീരുമാനമെടുക്കണമെന്ന് നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2016ന് ശേഷം വിരമിക്കല്‍,രാജി സ്ഥാനക്കയറ്റം,അധിക തസ്തിത എന്നിങ്ങനെ ഒഴിവു വന്ന തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ പതിനായിത്തിലധികം അപേക്ഷകളാണ് വിദ്യാഭ്യാസ വകുപ്പിന്
മുന്‍പിലുണ്ടായിരുന്നത്. ഈ അപേക്ഷകളില്‍ ഭൂരിഭാഗവും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമനാഗീകാരം നല്‍കാതെ തിരിച്ചയച്ചിരിക്കുകയാണ്. 1979 മെയ് 22 ന് ശേഷം നിലവില്‍ വരികയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്ത സ്കൂളുകളിലെ എല്ലാ തസ്തികകളിലും സംരക്ഷിത അധ്യാപക ബാങ്കിലുള്ളവരെ നിയമിക്കണമെന്നാണ് കെ ഇ ആര്‍ ഭേദഗതിയിലുള്ളത്. 1979 മെയ് 22ന് മുന്‍പുള്ള സ്കൂളുകളില്‍ അധിക തസ്തികകളില്‍ 1:1 എന്ന ക്രമത്തില്‍ നിയമനം നടത്തുകയും വേണം. ഇത് സ്കൂള്‍ മാനേജര്‍മാര്‍ അംഗീകരിക്കാത്തതിനാല്‍ ഇത്തരം സ്കൂളുകളില്‍ വിരമിക്കല്‍ ,രാജി സ്ഥാനക്കയറ്റം എന്നിവ മൂലം ഒഴിവു വന്ന തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ച ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നിയമനം അംഗീകാരം ലഭിച്ചിരിക്കുന്നത്.
അധ്യാപനത്തിനുള്ള അധിക യോഗ്യതയായ കെ ടെറ്റിന്റെ പേരിലും ചില അപേക്ഷകള്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തിരിച്ചയച്ചു. കെ ടെറ്റ് നേടാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഇളവനുവദിച്ച സര്‍ക്കാര്‍ തീരുമാനം ഈ വര്ഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ബാധകമാവാത്താണ് ഇത്തരം അപേക്ഷകള്‍ തിരിച്ചയക്കാന്‍ കാരണം.