രാവും പകലും കര്‍മനിരതരായി താമരശ്ശേരി ചുരത്തിന്‍റെ കാവല്‍ക്കാര്‍
ഗതാഗത കുരുക്കില്‍ നട്ടം തിരിയുന്ന താമരശ്ശേരി ചുരത്തിന് സ്ഥിരമായി ചില കാവല്‍ക്കാരുണ്ട്.
ഗതാഗത കുരുക്കില്‍ നട്ടം തിരിയുന്ന താമരശ്ശേരി ചുരത്തിന് സ്ഥിരമായി ചില കാവല്‍ക്കാരുണ്ട്. കൂലി വേണ്ടാത്ത പ്രതിഫലം ഇച്ഛിക്കാത്ത ഒരു കൂട്ടര്‍. ചുരത്തെ നെഞ്ചോട് ചേര്‍ത്ത് കഴിയുന്ന ഇവരാണ് ഇവിടുത്തെ ഏത് പ്രശ്നത്തിലും ആദ്യമോടിയെത്തുക. തകര്‍ന്ന റോഡില്‍ പാറപ്പൊടിയിട്ട് നേരെയാക്കാനും ഗതാഗതം നിയന്ത്രിക്കാനും ഏത് പാതിരക്കും ഇവര്‍ ഓടിയെത്തും.
താമരശ്ശേരി ചുരത്തിലെ റോഡുമായി ബന്ധപ്പെട്ട വാര്‍ത്തക്കായി എത്തിയതായിരുന്നു മീഡിയവണ്‍ വാര്‍ത്താസംഘം. അവിടെ വെച്ചാണ് ഹര്‍ഷാദിനെയും ബഷീറിനെയും കണ്ടത്. ഏഴാം വളവിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ മഴ വകവെക്കാതെ ഓടി നടക്കുന്ന രണ്ട് പേര്‍. പച്ചപ്പിനിടയില്‍ പച്ചകുപ്പായവുമിട്ട് ഇറങ്ങുന്ന അടിവാരം ചുരം സംരക്ഷണ സമിതിയിലെ പ്രവര്‍ത്തകര്‍.
നൂറിലധികം പേരുണ്ട് ഇപ്പോള്‍ ചുരം സംരക്ഷണ സമിതിയില്‍ അംഗങ്ങളായി. മണ്ണിടിച്ചിലുണ്ടായാല്‍ മണ്ണെടുത്തുമാറ്റാന്‍, യാത്രക്കാരുടെ പ്രശ്നങ്ങളിലേക്ക് ഓടിയെത്താന്‍. അങ്ങനെ രാത്രിയും പകലും ഊഴമിട്ട് ഇവര്‍ ചുരത്തിലുണ്ടാകും. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതില്‍ തീരില്ല ഇവരുടെ സേവനം. യാത്രികരായ രോഗികള്‍ക്ക് സഹായമെത്തിക്കുക, കേടായ വാഹനങ്ങള്‍ നന്നാക്കുക തുടങ്ങി അങ്ങനെ നീളും.
ചുരത്തിലെ മറ്റൊരു പ്രശ്നമാണ് മാലിന്യം. ജില്ലാ ഭരണകൂടത്തിന്‍റെ സഹകരണത്തോടെ ഇതിനൊരു ശാശ്വത പരിഹാരം ലക്ഷ്യമിടുകയാണ് ഇവര്‍.