ലോക കേരള സഭാ സമ്മേളനം തുടങ്ങി
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ പ്രതിനിധികള്‍ സഭയില്‍ അംഗങ്ങളാണ്
ലോക കേരള സഭക്ക് തുടക്കമായി. സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണി പ്രഖ്യാപനം നടത്തിയതോടെയാണ് സഭാ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കരട് നയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നടത്തി. ജനാധിപത്യമെന്നാല്‍ ദൂരെ നിന്ന് ആരാധനയോടെ നോക്കി തൊഴാനുള്ള ശ്രീകോവിലല്ല മറിച്ച് സാമൂഹിക മാറ്റത്തിന് വേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുന്നതിലേക്കുള്ള ഒരു സുപ്രധാന നടപടിയാണ് ലോക കേരള സഭ. അഞ്ച് ഉപവേദികളിലായി പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, മറ്റ് ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും.
4.30ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ അവതരണം നടക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. രണ്ടാം ദിനം വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മേഖലാ സമ്മേളനങ്ങളും പൊതുസഭാ സമ്മേളനവും നടക്കും. വൈകുന്നേരം 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.