യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം; നാല് ദിവസമായിട്ടും മൃതദേഹം സംസ്‌ക്കരിച്ചില്ല
പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ പ്രവേശിച്ച് ചടങ്ങ് നടത്തുന്നത് യാക്കോബായ പക്ഷം തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം.
സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ തടസപ്പെട്ടു. നാല് ദിവസമായിട്ടും ഓര്‍ത്തഡോക്‌സ് സഭാംഗത്തിന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ പ്രവേശിച്ച് ചടങ്ങ് നടത്തുന്നത് യാക്കോബായ പക്ഷം തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓര്‍ത്തഡോക്‌സ് സഭാംഗമായ സിജെ പൈലി അന്തരിച്ചത്. തുടര്‍ന്ന് സംസ്‌കാരത്തിനായി മൃതദേഹം വെട്ടിത്തുറ സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചതോടെ തര്‍ക്കമായി. ഓര്‍ത്തഡോക്‌സ് വൈദികരെ ചടങ്ങുകള്‍ക്കായി പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്ന് യാക്കോബായ പക്ഷം നിലപാടെടുത്തു. യാക്കോബായ സഭയുടെ നിയന്ത്രണത്തിലാണ് പള്ളി പ്രവര്‍ത്തിക്കുന്നത്. പള്ളിയില്‍ ചടങ്ങ് നടത്തണമെങ്കില്‍ യാക്കോബായ വൈദികരാവണമെന്നും അല്ലാത്തപക്ഷം ചടങ്ങുകള്‍ പുറത്ത് നടത്തിയ ശേഷം സിമിത്തേരിയില്‍ സംസ്‌കാരം നടത്തണമെന്നും യാക്കോബായ പക്ഷം നിലപാടെടുത്തു.
ശ്രേഷ്ഠ കാതോലിക്ക ബാവയടക്കമുള്ള യാക്കോബായ സഭാ നേതൃത്വം സ്ഥലത്തിയാണ് പള്ളി തുറന്ന് നല്‍കാനാവില്ലെന്ന് അറിയിച്ചത്. ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ബന്ധുക്കള്‍ മൃതദേഹവുമായി തിരിച്ചുപോവുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് നാല്മണിക്ക് സംസ്‌കാരം നിശ്ചയിച്ചിട്ടുണ്ട്. അനുകൂലകോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ അവകാശവാദം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വന്‍പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം വെച്ച് ഓര്‍ത്തഡോക്‌സ് പക്ഷം വിലപേശുകയാണെന്നും പള്ളി പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നും ഇതിനെ പ്രതിരോധിക്കുമെന്നും യാക്കോബായ പക്ഷം വ്യക്തമാക്കി.