പരവൂര്‍ വെട്ടിക്കെട്ടപകടം: പൊലീസിനും ജില്ലാഭരണകൂടത്തിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്

Update: 2018-05-31 19:24 GMT
Editor : admin
പരവൂര്‍ വെട്ടിക്കെട്ടപകടം: പൊലീസിനും ജില്ലാഭരണകൂടത്തിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്
Advertising

പരവൂര്‍ വെട്ടിക്കെട്ടപകടത്തില്‍ പൊലീസിനും ജില്ലാഭരണകൂടത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Full View

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പോലീസിനും ജില്ല ഭരണകൂടത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്. നിരോധനം ലംഘിച്ച് മത്സരക്കമ്പം നടത്തിയതിൽ ക്ഷേത്രഭാരവാഹികൾക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. വീഴ്ച വരുത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെ നേരത്തെ നടപടിക്ക് ശിപാർശ ചെയ്ത ക്രൈംബ്രാഞ്ച് സംഘമാണ് ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നത്. അന്വേഷണപുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

110 പേര്‍ കൊല്ലപ്പെടുകയും 600ലധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ പോലീസിനും ജില്ലാഭരണകൂടത്തിനും ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിരോധനം ലംഘിച്ച് മത്സരക്കമ്പം നടത്തിയതിൽ പുറ്റിങ്ങൽ ക്ഷേത്രഭാരവാഹികൾ മാത്രമാണ് ഉത്തരവാദികളെന്നാണ് കണ്ടെത്തൽ. മത്സരക്കമ്പമാണ്‌ നടക്കുന്നതെന്ന്‌ അറിവുണ്ടായിരുന്നിട്ടും, സ്ഥലത്ത്‌ ഒരു പോലീസുകാരനെ പോലും വിന്യസിച്ചിരുന്നില്ലെന്ന വാദം ക്രൈംബ്രാഞ്ച് തള്ളി. വെടിക്കെട്ട് സമയത്ത് പോലീസ് സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നു.

അപകടത്തില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും മറ്റ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇതിന് തെളിവാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പോലീസുകാരൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും മറ്റുള്ളവർക്ക് പരിക്കേറ്റത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയാണെന്നുമുള്ള വാദം നിലനിൽക്കുന്നത് ക്രൈംബ്രാഞ്ചിന്റെ നിലപാടിൽ സംശയം ഉയർത്തുന്നുണ്ട്. . ജില്ലാ ഭരണകൂടത്തിന്റെ നിരോധനമുണ്ടായിരുന്നിട്ടും പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികളും പോലീസും തമ്മിലുണ്ടായിരുന്ന രഹസ്യധാരണപ്രകാരമാണ്‌ മത്സരക്കമ്പം നടന്നതെന്ന വാദവും ക്രൈംബ്രാഞ്ച് തള്ളി. അപകടവുമായി ബന്ധപ്പെട്ട് വീഴ്‌ച വരുത്തിയ ചാത്തന്നൂര്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍, പരവൂര്‍ സിഐ, എസ്‌ ഐ എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ ശിപാർശ ചെയ്ത ക്രൈം ബ്രാഞ്ച്‌ സംഘം തന്നെയാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News