പൂഞ്ഞാറില്‍ പോരാട്ടം തീപാറും

Update: 2018-06-01 23:40 GMT
Editor : admin
പൂഞ്ഞാറില്‍ പോരാട്ടം തീപാറും
Advertising

യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ആറ് തവണ പൂഞ്ഞാറില്‍ എംഎല്‍എയായ പി സി ജോര്‍ജിന് കൊടിയുടെ നിറമില്ലാത്ത ആദ്യ അങ്കം.

Full View

പി സി ജോര്‍ജിന് ഇടത് സീറ്റില്ലാതായതോടെ പൂഞ്ഞാറില്‍ തീപാറും മല്‍സരം ഉറപ്പായി. ഇതോടെ സംസ്ഥാനത്തെയും കോട്ടയം ജില്ലയിലെയും ശ്രദ്ധാകേന്ദ്രമായി പൂഞ്ഞാര്‍. ഇടതു വലതു സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥിയും പൂഞ്ഞാറില്‍ മല്‍സരിക്കും.

യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ആറ് തവണ പൂഞ്ഞാറില്‍ എംഎല്‍എയായ പി സി ജോര്‍ജിന് കൊടിയുടെ നിറമില്ലാത്ത ആദ്യ അങ്കം. യുഡിഎഫില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ സീറ്റിനായി വടംവലി തുടരുന്നു. എല്‍ഡിഎഫ് പിന്തുണയില്‍ ആഴ്ചകള്‍ മാത്രം പ്രായമുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്ക് സ്വാധീനം ഉണ്ടെന്നു കരുതുന്നതിനാല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പൂഞ്ഞാര്‍ മണ്ഡലം സംസ്ഥാനത്ത് ശ്രദ്ധേയമാകും. കോണ്‍ഗ്രസ് നേതൃത്വം ഡിസിസി അധ്യക്ഷന്‍ ടോമി കല്ലാനിക്കായി സീറ്റ് അവകാശപ്പെടുമ്പോള്‍, കെ എം മാണിയുടെ പാര്‍ട്ടിയില്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് സജി മഞ്ഞക്കടമ്പിലും നിര്‍മല ജിമ്മിയും രംഗത്തുണ്ട്.

സീറ്റ് കോണ്‍ഗ്രസിനല്ലെങ്കില്‍ അതൃപ്തി പുകയുമെന്നുറപ്പാണ്. അത് പൂഞ്ഞാറിനു പുറത്തും പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. എല്‍ഡിഎഫ് പിന്തുണയില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ പി സി ജോസഫാണ് മല്‍സരത്തിനിറങ്ങുക. മൂവാറ്റുപുഴ മുന്‍ എംഎല്‍എ എന്ന പരിചയസമ്പത്തിലാണ് പി സി ജോസഫ് പൂഞ്ഞാറില്‍ എത്തുന്നത്. അയ്യായിരത്തോളം വോട്ടുകള്‍ എന്‍ഡിഎ അക്കൌണ്ടില്‍ ഉണ്ടെന്നാണ് ബിഡിജെഎസിന്‍റെ കണക്കുകൂട്ടല്‍. എം ആര്‍ ഉല്ലാസിനെയാണ് ബിഡിജെഎസ് രംഗത്തിറക്കുക. എസ്എന്‍ഡിപി ഹൈറേഞ്ച് യൂണിയന്‍ കമ്മറ്റിയംഗമാണ് ഉല്ലാസ്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ക്കും വോട്ട് ബാങ്കുണ്ട് പൂഞ്ഞാറില്‍.

9 പഞ്ചായത്തുകളുള്ള പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഈരാറ്റുപേട്ടയാണ് ഏക നഗരസഭ. ഒരു ലക്ഷത്തി എണ്‍പതിനായിരം വോട്ടുകള്‍ ഉള്ള പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഓന്നരലക്ഷത്തോളം വോട്ടുകള്‍ പെട്ടിയിലായാല്‍ 35000 ത്തിലധികം വോട്ടുകള്‍ ഉറപ്പിക്കുന്നവര്‍ക്ക് പൂഞ്ഞാര്‍ എംഎല്‍എ സ്ഥാനം സ്വന്തമാക്കാം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News