വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരാട്ടം; മൂന്ന് സ്ഥാനാര്‍ഥികളും പ്രചരണം തുടങ്ങി
സിറ്റിംഗ് എംഎല്‍എയായ കെ മുരളീധരനും സിപിഎമ്മിലെ ടി എന്‍ സീമയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഏറ്റുമുട്ടുകയാണിവിടെ
സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ വട്ടിയൂര്‍ക്കാവില്‍ ത്രികോണ രാഷ്ട്രീയപോരാട്ടത്തിന് കളമൊരുങ്ങി. സിറ്റിംഗ് എംഎല്‍എയായ കെ മുരളീധരനും സിപിഎമ്മിലെ ടി എന്‍ സീമയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഏറ്റുമുട്ടുകയാണിവിടെ. മൂന്നു സ്ഥാനാര്‍ത്ഥികളും പരസ്യ പ്രചരണം തുടങ്ങികഴിഞ്ഞു.
വിജയക്കൊടി പാറിച്ച് നിയമസഭയില്‍ എത്തുമെന്ന കാര്യത്തില്‍ മൂന്ന് പേര്‍ക്കും സംശയമില്ല. കഴിഞ്ഞ തവണ നേടിയ 16167 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.മുരളീധരന്‍റെ ആത്മവിശ്വാസം. സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന് മുന്‍ എം.പി ടി.എന്‍ സീമ കണക്ക്കൂട്ടുന്നു. ആ കാറ്റില്‍ കരകയറാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിന് ലഭിച്ച 2926-വോട്ടിന്റെ ഭൂരിപക്ഷം മാത്രം മതി കുമ്മനം രാജശേഖരന് മനക്കോട്ടകെട്ടാന്‍. നിയമസഭയും മ്യൂസിയയും എ.കെ.ജി സെന്ററും കെപിസിസി ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മണ്ഡലവും കൂടിയാണ് വട്ടിയൂര്‍ക്കാവ്.
ആര് വിജയിക്കും എന്നത്പോലെ തന്നെ പ്രധാനമാണ് രണ്ടും മൂന്നും സ്ഥാനത്ത് ആര് എത്തും എന്നതും.