മൂന്നാം ഊഴത്തില്‍ തോമസ് ചാണ്ടിയെ തേടി മന്ത്രി പദവി
യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രിയത്തിൽ എത്തിയ തോമസ് ചാണ്ടി എൽ.ഡി.എഫ് സർക്കാരിൽ മന്ത്രിയാകുന്നു എന്നതും പ്രത്യേകത
കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് അവസാനം എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരിക്കുകയാണ് തോമസ് ചാണ്ടി. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ തന്റെ മൂന്നാം ഊഴത്തിലാണ് മന്ത്രിസ്ഥാനം തേടിയെത്തിയത്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രിയത്തിൽ എത്തിയ തോമസ് ചാണ്ടി എൽ.ഡി.എഫ് സർക്കാരിൽ മന്ത്രിയാകുന്നു എന്നതും പ്രത്യേകത.
യൂത്ത് കോൺഗ്രസിന്‍റെ കളരിയിൽ നിന്ന് രാഷ്ട്രീയം പഠിച്ചാണ് തുടക്കം. നാല് പതിറ്റാണ്ട് മുന്പ് വിദേശത്തേക്ക് സ്വയം പറിച്ചുനട്ടുവെങ്കിലും അവിടെയും രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാക്കി. കുവൈറ്റിലെ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസിന്റെ അമരക്കാരനായി പ്രവർത്തിക്കുമ്പോൾ കെ. കരുണാകരനുമായി ആത്മബന്ധം തുടർന്നു. കോൺഗ്രസ് വിട്ട് കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ തോമസ് ചാണ്ടി കരുനീക്കങ്ങൾക്ക് ചുക്കാൻപിടിച്ചു. അങ്ങനെ. 2006ൽ ഡി.ഐ.സി ടിക്കറ്റിൽ തോമസ് ചാണ്ടി കുട്ടനാട്ടിൽ നിന്ന് നിയമസഭയിലേക്ക് വണ്ടികയറി. ഡി.ഐ.സി എൻ.സി.പിയിൽ ലയിച്ചപ്പോൾ തോമസ് ചാണ്ടി ഇടതുമുന്നണിയുടെ ഭാഗമായി. കെ.മുരളീധരൻ മാതൃസംഘടനയിലേക്ക് തിരിച്ചുപോയെങ്കിലും തോമസ് ചാണ്ടി മടങ്ങിയില്ല. 2011ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ ഭാഗമായി ജനവിധി തേടിയപ്പോഴും ജനവിധി തോമസ് ചാണ്ടിക്കൊപ്പം നിന്നു. രണ്ടായിരത്തി പതിനാറിലും അതാവര്‍ത്തിച്ചു. മന്ത്രിസഭ രൂപീകരണവേളയിൽ ക്യാബിനെറ്റിലേക്ക് പരിഗണിച്ചെങ്കിലും നറുക്ക് വീണത് എ.കെ ശശീന്ദ്രനാണ്. അവസാനം ഫോൺ കെണിയില്‍ ശശീന്ദ്രൻ വീണപ്പോള്‍ തോമസ് ചാണ്ടിക്ക് മന്ത്രിപദവും കൈവരുന്നു. പുതിയ നിയോഗം തോമസ് ചാണ്ടി എങ്ങനെ നിറവേറ്റും എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.