പിഎസ്‌സി പരിശീലനകേന്ദ്രങ്ങളിലെ മുന്‍ നിയമനങ്ങളിലും തട്ടിപ്പ്
മുമ്പ് നടത്തിയ 41 നിയമനങ്ങളില്‍ യോഗ്യ ഇല്ലാത്തവര്‍ കടന്നു കൂടിയെന്ന് കാണിച്ച് വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി വിജിലന്‍സിന് പരാതി നല്‍കി...
ന്യൂനപക്ഷ വകുപ്പിനെ കീഴിലെ പിഎസ്‌സി പരിശീലനകേന്ദ്രങ്ങളില്‍ മുമ്പ് നടന്ന നിയമനങ്ങളിലും തട്ടിപ്പ്. റാങ്ക് ലിസ്റ്റ് തയ്യാറാക്കാതെയാണ് പലപ്പോഴും ഇവിടെ ഓഫീസ് അറ്റന്‍ഡന്റ് കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടന്നത്. മുമ്പ് നടത്തിയ 41 നിയമനങ്ങളില്‍ യോഗ്യ ഇല്ലാത്തവര്‍ കടന്നു കൂടിയെന്ന് കാണിച്ച് വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി വിജിലന്‍സിന് പരാതി നല്‍കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ 16 പിഎസ്‌സി പരിശീലന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. കഴിഞ്ഞ 5 വര്‍ഷം ഇവിടേക്ക് നടന്ന നിയമനങ്ങളില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. 41 നിയമനങ്ങളില്‍ യോഗ്യത ഇല്ലാത്തവര്‍ കടന്നു കൂടിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. മുമ്പ് നടന്ന ഇന്റര്‍വ്യൂകളില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരുന്നില്ലെന്നത് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത് ഈ ആരോപണം ശരിവയ്ക്കുന്നു. നിയമനം നേടിയവരുടെ യോഗ്യത സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് പരീക്ഷയില്‍ ഒന്നാമതെത്തിയ ആള്‍ക്കാണ് ജോലി നല്‍കിയതെന്നാണ് വകുപ്പില്‍ നിന്നുള്ള മറുപടി.
വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി ഇത് സംബന്ധിച്ച വിജിലന്‍സിന് പരാതി നല്‍കി. പിഎസ്‌സി പരിശീലന കേന്ദ്രത്തിലേക്കുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ മുന്‍ധാരണ പ്രകാരം സിപിഎം നേതാവിന് ജോലി നല്‍കിയ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയാവണ്‍ പുറത്ത് വിട്ടിരുന്നു.