ആറായിരത്തിലധികം വനിതകള്‍ അണിനിരന്ന തിരുവാതിര
20 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അണിനിരന്നു
കൊച്ചിയില്‍ ആറായിരത്തിലധികം വനിതകള്‍ തിരുവാതിര കളിച്ച് ഗിന്നസ് റെക്കോഡ് പ്രകടനം നടത്തി. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അണിനിരന്നു. കിഴക്കമ്പലം ട്വന്റി ട്വന്റിയുടെ നേതൃത്വത്തിലാണ് തിരുവാതിര കളി നടന്നത്.
കസവ് ചുറ്റി തുളസിക്കതിരും മുല്ലപ്പൂവും ചൂടി പത്ത് വയസുമുതല്‍ 75 വയസുകാരി വരെ അണി നിരന്നു. 6582 സ്ത്രീകളാണ് ചുവടു വെച്ചത്. കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ആയിരത്തിലധികം സ്ത്രീകളും കുട്ടികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 4500 സ്ത്രീകളും അണി നിരന്നു. റെക്കോഡ് നേട്ടം ഏറെ സന്തോഷം നല്‍കുന്നുവെന്ന് പരിശീലകയും പാര്‍വണേന്ദു സ്കൂള്‍ ഓഫ് തിരുവാതിരയുടെ ഡയറക്ടറുമായ മാലതി ടീച്ചര്‍ പറഞ്ഞു. ഒന്‍പത് വൃത്തങ്ങളിലാണ് ചുവടുകള്‍ വെച്ചത്. ഒത്തൊരുമയുടെ വിജയമായിട്ടാണ് സ്ത്രീകള്‍ ഇതിനെ കാണുന്നത്. 2015ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനിയില്‍ നടന്ന തിരുവാതിര കളിയുടെ റെക്കോഡാണ് ഇതോടെ പിന്നിലായത്.