കീഴാറ്റൂരില്‍ നടക്കുന്നത് ഇടതുപക്ഷ വിരുദ്ധ സമരമല്ലെന്ന് സിപിഐ
നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സി.പി.എം അംഗങ്ങളടക്കമുളളവര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ നിലപാടിനെ ഇന്നലെ കീഴാറ്റൂരില്‍ നടന്ന പൊതുയോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു
കണ്ണൂര്‍ കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് സി.പി.ഐയുടെ മറുപടി. കീഴാറ്റൂരില്‍ നടക്കുന്നത് ഇടതുപക്ഷ വിരുദ്ധ സമരമല്ല. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സമരമാണ് കീഴാറ്റൂരില്‍ നടക്കുന്നത്. സി.പി.എം നിശ്ചയിക്കുന്നതിനനുസരിച്ചല്ല സി.പി.ഐ നിലപാടെടുക്കുന്നതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍.
നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സി.പി.എം അംഗങ്ങളടക്കമുളളവര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ നിലപാടിനെ ഇന്നലെ കീഴാറ്റൂരില്‍ നടന്ന പൊതുയോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കീഴാറ്റൂരിനെ ഇടത് പക്ഷ വിരുദ്ധ ചേരിയിലെത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഡാലോചന നടത്തുന്നതായും ജയരാജന്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തരുതെന്നാണ് എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടെന്നും ഈ നയത്തിനൊപ്പം നില്‍ക്കുന്നതാണ് കീഴാറ്റൂരിലെ ജനങ്ങളുടെ സമരമെന്നുമാണ് സി.പി.ഐയുടെ നിലപാട്.
സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.ഐ നേതാക്കളുടെ നടപടിയാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. കീഴാറ്റൂരിലെ ജനകീയ സമരത്തെ തളളിപ്പറഞ്ഞ സി.പി.എമ്മിന് വിഷയത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെ വയല്‍ക്കൂരയില്‍ കര്‍ഷകക തൊഴിലാളിയായ ജാനകി നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.