തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്‍റെ രേഖകള്‍ ഹാജരാക്കിയില്ല; സമയം നീട്ടി നല്‍കി
ആലപ്പുഴ ജില്ലാ കലക്ടറുമായുള്ള ചര്‍ച്ചയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ കമ്പനിയുടമകള്‍ ഹാജരാക്കിയില്ല.
ആലപ്പുഴ ജില്ലാ കലക്ടറുമായുള്ള ചര്‍ച്ചയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ കമ്പനിയുടമകള്‍ ഹാജരാക്കിയില്ല. കമ്പനി പ്രതിനിധികളുടെ ആവശ്യപ്രകാരം രേഖകള്‍ ഹാജരാക്കാന്‍ ഒക്ടോബര്‍ നാലിന് സമയം അനുവദിച്ചതായി ജില്ലാ കലക്ടര്‍ ടി വി അനുപമ അറിയിച്ചു. സമയം നീട്ടി നല്‍കിയതില്‍ അപാകതയില്ലെന്നും ഇത്തരം കേസുകളില്‍ രേഖകള്‍ ഹാജരാക്കാനുള്ള സമയം അനുവദിക്കാറുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി, ലേക്ക് പാലസ് റിസോര്‍ട്ടിനായി സ്ഥലം കയ്യേറിയെന്ന പരാതിയില്‍ വിശദീകരണം നല്‍കാനാണ് ജില്ലാ കലക്ടര്‍ കമ്പനി പ്രതിനിധികളെ വിളിച്ചു വരുത്തിയത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെയും ഇതോടൊപ്പം കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകളൊന്നും കൂടിക്കാഴ്ചയില്‍ കമ്പനി അധികൃതര്‍ ഹാജരാക്കിയില്ല. രേഖകള്‍ ഹാജാരാക്കാന്‍ ഒക്ടോബര്‍ 4ന് സമയം അനുവദിച്ചതായി കലക്ടര്‍ പറഞ്ഞു.
റിസോര്‍ട്ടിന് മുന്നിലുള്ള കായലില്‍ ബോയ് കെട്ടാന്‍ ആര്‍ഡിഒ അനുമതി നല്‍കിയിട്ടുള്ളതാണെന്നും ജലസേചന വകുപ്പിന് അതില്‍ എതിര്‍പ്പില്ലെന്നും കലക്ടര്‍ പറഞ്ഞു. റിസോര്‍ട്ടിന് മുന്നിലൂടെ റോഡ് നിര്‍മ്മിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും എന്നാല്‍ ആ രേഖകളുടെ ആധികാരികതയും സാധുതയും പരിശോധിച്ചിട്ടില്ലെന്നും കലക്ടര്‍ വിശദീകരിച്ചു. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റ ആരോപണങ്ങള്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നതെന്നും മറ്റിടങ്ങളിലെ കയ്യേറ്റം സംബന്ധിച്ചുള്ള ആരോപണങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.