തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്: കലക്ടര്‍ ഇന്ന് ഹിയറിംഗ് നടത്തും

Update: 2018-06-01 01:22 GMT
Editor : Sithara
തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്: കലക്ടര്‍ ഇന്ന് ഹിയറിംഗ് നടത്തും
Advertising

റിസോര്‍ട്ട് പരിസരത്ത് നിലം നികത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് സമര്‍പ്പിക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതരുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ഇന്ന് വീണ്ടും ഹിയറിംഗ് നടത്തും. റിസോര്‍ട്ട് പരിസരത്ത് നിലം നികത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് സമര്‍പ്പിക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലം കയ്യേറിയിട്ടില്ലെന്നും കലക്ടര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും വിശദീകരണം നല്‍കുമെന്നും റിസോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Full View

സെപ്തംബര്‍ 26ന് ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് മുന്‍പില്‍ ഹാജരായിരുന്നെങ്കിലും അന്ന് നിലം നിലകത്തലുമായി ബന്ധപ്പെട്ട രേഖകളൊന്നും സമര്‍പ്പിച്ചിരുന്നില്ല. രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന റിസോര്‍ട്ട് അധികൃതരുടെ ആവശ്യം കലക്ടര്‍ അംഗീകരിച്ചു. അതനുസരിച്ചാണ് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തവണ വിളിപ്പിച്ചപ്പോള്‍ നിലം പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നു മാത്രമാണ് പറഞ്ഞിരുന്നതെന്നും ഏതെല്ലാം വിഷയങ്ങളില്‍ കമ്പനി മറുപടി നല്‍കണമെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെന്നും റിസോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചു. ഇക്കാര്യം കലക്ടറെ അറിയിച്ചുവെന്നും ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ റിട്ട് ഹർജി, ഇടക്കാല ഉത്തരവ്, അതിന്മേൽ 12.11.2014 ന് കലക്ടര്‍ നല്‍‍കിയ റിപ്പോർട്ട് എന്നിവയും കഴിഞ്ഞ ഹിയറിങ് വേളയിൽ സമർപ്പിച്ചുവെന്നും റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഇന്നത്തെ ഹിയറിങില്‍ കലക്ടര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും വിശദീകരണം നല്‍കുമെന്നും ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News