ഗെയില്‍ പദ്ധതി; വയലും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ നീക്കം
നിര്‍മാണ അനുമതി നല്‍കാത്ത വാള്‍വ് സ്റ്റേഷന്‍ കോട്ടൂരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് കലക്ടര്‍ക്ക് കത്ത് നല്‍കി
ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ വാല്‍വ് സ്റ്റേഷന്‍ നിര്‍മാണത്തിനായി വയലും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ നീക്കം. നിര്‍മാണ അനുമതി നല്‍കാത്ത വാള്‍വ് സ്റ്റേഷന്‍ കോട്ടൂരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് കലക്ടര്‍ക്ക് കത്ത് നല്‍കി. മൂന്ന് കുടിവെള്ള പദ്ധതികളടക്കം പ്രവര്‍ത്തിക്കുന്നിടത്താണ് പൈപ്പ് ലൈന്‍ ആക്ടിന് വിരുദ്ധമായ ഗെയിലിന്റെ നടപടി.
അടിയന്തര സാഹചര്യത്തില്‍ ഗ്യാസ് അന്തരീക്ഷത്തിലേക്ക് തുറന്ന് വിടാനുള്ള സംവിധാനമാണ് വാല്‍വ് സ്റ്റേഷന്‍. ജനവാസ കേന്ദ്രമായ കോട്ടൂരില്‍ വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് പൈപ്പ് ലൈന്‍ ആക്ടിന്റെ ലംഘനമാണെന്നാണ് ആക്ഷേപം. വാല്‍വ് സ്റ്റേഷനായി ഗെയില്‍ വിലക്ക് വാങ്ങിയത് വര്‍ഷത്തില്‍ മൂന്ന് തവണ കൃഷി ഇറക്കുന്ന അമ്പലതാഴം വയലിലെ അമ്പത് സെന്റ് സ്ഥലമാണ്. തണ്ണീര്‍ത്തടവും മൂന്ന് കുടിവെള്ള പദ്ധതികളും കിണറും പമ്പ് ഹൌസും നീര്‍ചാലുമൊക്ക ഈ വയല്‍ നികത്തുന്നതോടെ ഇല്ലാതാവും. വയല്‍ നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതോടെ താല്‍ക്കാലികമായി ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. എന്നാല്‍ വയല്‍ നികത്താനായി യാതൊരു അനുമതിയും ഗെയില്‍ പഞ്ചായത്തില്‍ നിന്നും വാങ്ങിയിരുന്നില്ല. അനുമതി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് തള്ളി.