ഗെയില്‍ സമര സമിതി അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ഗെയില്‍ വിരുദ്ധ സമര സമിതി മലപ്പുറത്ത് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നത് 58 കിലോമീറ്റര്‍ നീളത്തിലാണ്. പൈപ്പ് സ്ഥാപിക്കുന്ന ജോലി കര്‍ശന പൊലീസ് സുരക്ഷയില്‍ നടക്കുന്നുണ്ട്. പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ പാടില്ലെന്നാണ് സമര സമിതിയുടെ പ്രധാന ആവശ്യം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും വേണം. പൊന്‍മള പഞ്ചായത്തിലെ മരവട്ടത്താണ് അനിശ്ചിത കാല റിലേ നിരാഹാര സമരം ആരംഭിച്ചത്.
പൈപ്പ് ലൈന്‍ കടന്നു പോകുന്ന കാവന്നൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍, പുല്‍പ്പറ്റ പ്രദേശങ്ങളിലും സമര പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു. ഇവിടങ്ങളില്‍ അനിശ്ചിതകാല ധര്‍ണ സമരമാണ് നടക്കുന്നത്. സിപിഎമ്മും ബിജെപിയും ഔദ്യോഗികമായി സമരത്തെ പിന്തുണക്കുന്നില്ല. എന്നാല്‍ ഇരു പാര്‍ടികളുടെയും നേതാക്കള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.