കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും
വനത്തില്‍ കിടക്കുന്ന ആദിവാസിയെ പിടിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ യുഎപിഎ ചുമത്തുന്നതെന്നും വിമര്‍ശിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതി പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യുഎപിഎക്ക് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന ജയരാജന്‍റെ ഹരജി ഹൈക്കോടതി തള്ളി. ഒന്നുമുതല്‍ 19 വരെ പ്രതികളുടെ കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സർക്കാർ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ്സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.അതുകൊണ്ട് സിബിഐ സംസ്ഥാന സർക്കാരിന്റെ അനുമതി തേടേണ്ടതില്ല. കേന്ദ്രത്തിനോ സംസ്ഥാനത്തിനോ യുഎപിഎ ചുമത്താൻ അനുമതി നൽകാം. തുടക്കം മുതൽ ഈ നിമിഷം വരെ ഈ കേസിൽ സിബിഐ അനുകൂല നിലപാടല്ല സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ യുഎപിഎ ചുമത്താൻ സിബിഐക്ക് സംസ്ഥാനത്തിന്റെ അനുമതി തേടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുഎപിഎ ചുമത്താന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ കോടതി വനത്തില്‍ കിടക്കുന്ന ആദിവാസിയെ പിടിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ യുഎപിഎ ചുമത്തുന്നതെന്നും വിമര്‍ശിച്ചു.
കതിരൂർ മനോജ് വധക്കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലുള്ള കേസിൽ യുഎപിഎ ചുമത്തണമെങ്കിൽ സർക്കാറിന്റെ അനുമതി വേണമെന്ന ചട്ടംലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജയരാജനും മറ്റ് പ്രതികളും ഹരജി നൽകിയത്.
സി.ബി.ഐ അന്വേഷിക്കുന്ന കേസിലെ പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ചുമത്താൻ സംസ്ഥാന സർക്കാറിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ്കേന്ദ്ര സർക്കാർ നിലപാട്. ഒരു കേസ്സംസ്ഥാന സർക്കാറിന്റെ ശുപാർശ പ്രകാരമോ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലാത്തതിന്റെ പേരിൽ കോടതി ഇടപെടലിലൂടെയോ സിബിഐക്ക്വിടാവുന്നതാണെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാല്‍ സംസ്ഥാന സരക്കാരിന്റെ അനുമതിയോടെ മാത്രമേ യുഎപിഎ ചുമത്താനാവൂവെന്നാണ് ഹരജിക്കാരുടെ വാദം.
യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ഐ.ജി എന്നിവർ അംഗങ്ങളുമായ ഒരു സമിതിക്ക് 2009 ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ സിബിഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഹരജിയില്‍ എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയാണ് ജസ്റ്റിസ് ബി കെമാല്‍ പാഷ കേസ് വിധി പറയാന്‍ മാറ്റിയത്.