ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് 1.25 ലക്ഷത്തോളം കുട്ടികള്‍
നിയമസഭയില്‍ ഡികെ മുരളി എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്...
ജാതിയും മതവും വേണ്ടെന്ന് ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ 1,24,147 വിദ്യാര്‍ത്ഥികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. 9209 സ്‌കൂളുകളില്‍ നിന്നാണ് ഇത്രയും കുട്ടികള്‍ പ്രവേശനം നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.
2017-18 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗമാണ് ജാതിയും മതവും വേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പ്രവേശനം നേടിയ 1,23,630 വിദ്യാര്‍ത്ഥികള്‍ ജാതി മത കോളം പൂരിപ്പിച്ചിട്ടില്ല. 9,209 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതിരുന്നത്.
പ്ലസ് വണ്ണിന് പ്രവേശനം നേടിയ 278 കുട്ടികളും, പ്ലസ് ടുവിന് പ്രവേശനം നേടിയ 239 കുട്ടികളും ജാതിയും മതവും വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജാതി, മത കോളം പൂരിപ്പിക്കാതെ ആരും പ്രവേശനം നേടിയിട്ടില്ല. ഡി കെ മുരളിയുടെ ചോദ്യത്തിനാണ് വിദ്യാഭ്യാസ മന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചത്.