അതിരപ്പള്ളി: സര്‍ക്കാര്‍ നിലപാടിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും
ഏകപക്ഷീയമായി മുന്നോട്ടു പോയാല്‍ നിയമപരമായും നേരിടുമെന്ന് പരിസ്ഥിതി സംഘടനകള്‍
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുകൂലമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നതോടെ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും. മൂന്നുതവണ കേരള ഹൈക്കോടതി അനുമതി നിഷേധിച്ച അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ ചാലക്കുടി പുഴയുടെ മരണമാണ് സംഭവിക്കുകയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പദ്ധതിയെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് മുഖ്യമന്ത്രി തയാറാവണമെന്നും ഏകപക്ഷീയമായി മുന്നോട്ട് പോയാല്‍ നിയമപരമായും സമരത്തിലൂടെയും നേരിടുമെന്നുമാണ് സംഘടനകളുടെ നിലപാട്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്താതെ തന്നെ പദ്ധതി നടപ്പിലാക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചോദ്യം ചെയ്താണ് പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടകളും രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ വേനല്‍കാലത്ത് സെക്കന്റില്‍ 13000 ലിറ്റര്‍ മുതല്‍ 14000 ലിറ്റര്‍ വരെ വെള്ളമാണ് ഒഴുകിയെത്തുന്നതെങ്കില്‍ പദ്ധതി വന്നു കഴിഞ്ഞാല്‍ സെക്കന്റില്‍ വെറും 7650 ലിറ്റര്‍ വെള്ളം മാത്രമായി ചുരുങ്ങുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പദ്ധതിയെ സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ 5 തെളിവെടുപ്പുകളിലും 90 ശതമാനത്തിലധികം ജനങ്ങള്‍ പദ്ധതിയെ എതിര്‍ത്തതാണ്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനം എന്ന പ്രചരണം മുന്നോട്ടുവച്ച സിപിഎം ഭരണത്തിലെത്തിയപ്പോള്‍ പരിസ്ഥിതിയെ മറന്നുള്ള വികസനത്തിനാണോ ശ്രമിക്കുന്നതെന്ന ചോദ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനത്തില്‍ താഴെ വൈദ്യുതി മാത്രമാണ് ലഭിക്കുക.1500 കോടിയോളം ചെലവ് വരുന്ന പദ്ധതി സര്‍ക്കാരിന് കനത്ത നഷ്ടം വരുത്തിവെക്കുമെന്നും ആക്ഷേപമുണ്ട്
പദ്ധതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും തീരുമാനം. ശാസ്ത്രസാഹിത്യ പരിഷത്തിലെ ഒരു വിഭാഗവും എഐവൈഎഫും യൂത്ത് ലീഗും സമരത്തിന് പിന്തുണ നല്കിയിട്ടുണ്ട്.