വിവാഹ തട്ടിപ്പുകാരന്‍ കോഴിക്കോട് പിടിയില്‍

Update: 2018-06-01 08:04 GMT
Editor : admin
വിവാഹ തട്ടിപ്പുകാരന്‍ കോഴിക്കോട് പിടിയില്‍
Advertising

ആന്റണി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്

Full View

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളുടെ പണവും ആഭരണങ്ങളും കൈക്കലാക്കുന്ന തട്ടിപ്പുകാരനെ പൊലീസ് പിടികൂടി. മാനന്തവാടി സ്വദേശി പൊറോട്ട ബിജുവെന്ന ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ്.

അനാഥനാണെന്നും നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ആന്റണി ബിജു തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന പെണ്‍കുട്ടികളുമായി സൌഹൃദം സ്ഥാപിക്കുകയും പിന്നീട് അവരുടെ പണവും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയുമാണ് രീതി. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിനിരയായതായിപൊലീസ് പറഞ്ഞു. ഭാര്യയും രണ്ടുമക്കളുമുള്ള ആന്റണി ബിജു കുടുംബത്തോടൊപ്പം മാനന്തവാടിയിലാണ് താമസം. കുടുംബം അറിയാതെയായിരുന്നു തട്ടിപ്പ്. കണ്ണൂരില്‍ നിന്നും രണ്ടാമത്തെ വിവാഹം കഴിച്ച ഇയാള്‍ മൂന്നാമത്തെ വിവാഹത്തിന് ഒരുങ്ങവെയാണ് പിടിയിലായത്. ഓരോ തവണയും വിവാഹ പരസ്യം നല്‍കാന്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്.

മറ്റുള്ളവരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചാണ് മൊബൈല്‍ കണക്ഷന്‍ എടുക്കുക. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷിന്റെ ഫോട്ടോകളും ഇയാളുടെ കൈയിലുണ്ടായിരുന്നു. ഇതുപയോഗിച്ച് പുതിയ സിം കാര്‍ഡ് വാങ്ങാനിരിക്കെയാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശികളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാന്തവാടിയിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മുപ്പത്തിയഞ്ചുകാരനായ ഇയാള്‍ക്കെതിരെ കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍കോഡ് ജില്ലകളിലും കേസുകളുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News