ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുള്ളില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ ഓമന
വാര്‍ധക്യത്തില്‍ തണലേകേണ്ട മക്കളും ഇവരെ തിരിഞ്ഞുനോക്കുന്നില്ല
ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ ജീവിതത്തോട് പടവെട്ടുകയാണ് തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഓമനയെന്ന വൃദ്ധ. വീട് നിര്‍മിക്കാന്‍ സഹായം തേടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വാര്‍ധക്യത്തില്‍ തണലേകേണ്ട മക്കളും ഇവരെ തിരിഞ്ഞുനോക്കുന്നില്ല.
വീടെന്ന് പറയാനാകില്ല, ചോര്‍ന്നൊലിക്കുന്ന ഒരു കൂര. ചളിയില്‍ കുതിര്‍ന്ന നിലം. ഇതാണ് ഓമനയുടെ ലോകം. പാത്രങ്ങളും പഴയ മേശയും പൊട്ടിയ കസേരകളും എല്ലാം ഈ മുറിയിലാണ്. കൂട്ടിന് ഒരു ആടും. കൂരക്കടുത്തുള്ള ഈ ഷെഡ്ഡിലാണ് ഓമനയും ആടും ഉറങ്ങുന്നത്. രണ്ട് ബെഞ്ചുകള്‍ ചേര്‍ത്തിട്ടതാണ് കട്ടില്‍. രാത്രിയില്‍ മഴയും കാറ്റും വന്നാല്‍ ഒരു പോള കണ്ണടക്കാനാകില്ല. രണ്ട് സെന്റിലാണ് ഈ കൂര. വീടിനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പെന്‍ഷന്‍ ലഭിക്കാന്‍ നല്‍കിയ അപേക്ഷക്കും അനക്കമില്ല. മൂന്ന് മക്കള്‍ ഉണ്ടെങ്കിലും അനാഥയെപോലെയാണ് ഇവരുടെ ജീവിതം. സമീപത്തുള്ള ബന്ധുക്കളും ഇവരെ സഹായിക്കാന്‍ ഒരുക്കമല്ല. റേഷനരി കിട്ടുന്നത് കൊണ്ട് പട്ടിണി കിടക്കുന്നില്ലെന്ന് മാത്രം.