സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ ഭാഗികം
പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ബലം പ്രയോഗിച്ച് കടകളടപ്പിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. അങ്ങിങ്ങ് ആക്രമണം
സംസ്ഥാനത്ത് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ഭാഗികം. പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും പലയിടങ്ങളിലും പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
തെക്കന്‍ കേരളത്തില്‍ പരക്കെ അക്രമം
തിരുവനന്തപുരത്ത് ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. യാത്രക്കാരെ സുരക്ഷിതരായി യഥാസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ പൊലീസും വിജയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ നിരത്തിലിറങ്ങി. എന്നാല്‍ ഉച്ചയോടുകൂടി സ്ഥിതി മാറി. പാറശാല, പാളയം ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള മരക്കാര്‍ മോട്ടോഴ്സ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു.
കൊല്ലത്ത് ഗ്രാമപ്രദേശത്തും നഗരത്തിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. കെഎസ്ആര്‍ടി ബസുകള്‍ മിക്കതും തടഞ്ഞു. ബലമായി കടകള്‍ അടപ്പിച്ചു. പ്രവര്‍ത്തകര്‍ ഇരവിപുരം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പത്തനംതിട്ട ജില്ലയില്‍ സെന്‍റ് പീറ്റേഴ്സ് ജംങ്ഷനില്‍ എസ്ബിഐ ശാഖ അടപ്പിക്കാന്‍ ശ്രമിച്ചത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞത് അന്വേഷിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
മധ്യകേരളത്തില്‍ സമാധാനപരം
ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ മധ്യകേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. കെഎസ്ആര്‍ടി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
എറണാകുളം ജില്ലയില്‍ കെഎസ്ആര്‍ടിസി എല്ലാ ഷെഡ്യൂളുകളും പാലിച്ച് സര്‍വീസ് നടത്തി. അധിക സര്‍വീസുകളും ക്രമീകരിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളും കൂടുതല്‍ യാത്രക്കാരുള്ള കേന്ദ്രങ്ങളിലേക്കും പോലീസ് ബസുകളുപയോഗിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകളും ഒരുക്കിയിരുന്നു. സ്വകാര്യബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങി. നഗര കേന്ദ്രങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. പാലാരിവട്ടത്ത് രാവിലെ ഏഴരയോടെ കെഎസ്ആര്‍ടിസി ബസിനു നേര കല്ലേറുണ്ടായി. ഹര്‍ത്താലനൂകൂല പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വാഹനം തടയാനും കടകളടപ്പിക്കാനും ശ്രമിച്ചത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും വഴിവെച്ചു.
തൃശ്ശുരില്‍ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലപ്പുഴയില്‍ പലചരക്ക് വ്യാപാരിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ആലപ്പുഴ ഡച്ച് സ്ക്വയര്‍ ജംഗ്ഷനില്‍ കട തുറന്ന റഫീഖിനെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. അരമണിക്കൂറോളം കടയ്ക്കുള്ളില്‍ കുടുങ്ങിയ റഫീഖിനെ പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.
കോട്ടയത്തും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സമരക്കാര്‍ ഉപരോധിച്ചു. തൊടുപുഴയിലും കട്ടപ്പനയിലടക്കമുള്ള സ്ഥലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചിലയിടങ്ങളില്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട ഹാജര്‍നിലയാണുള്ളത്.
വടക്കന്‍ കേരളത്തില്‍ സംഘര്‍ഷം
ഹര്‍ത്താനിലിടെ വടക്കന്‍ കേരളത്തില്‍ പലയിടത്തും സംഘര്‍ഷം. വയനാട്ടില്‍ പോലീസ് ലാത്തി വീശി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളിലും മറ്റും എത്തുന്നവരെ സഹായിക്കാനായി പോലീസും സന്നദ്ധ സംഘടനകളും ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കെഎസ്ആര്‍ടിസിയും നഗരം കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി.
കോഴിക്കോട് പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളും കടകളും അടപ്പിച്ചു. എസ്ബിഐയുടെ പാളയം ബ്രാഞ്ചും എല്‍ഐസിയുടെ ഡിവിഷനല്‍ ഓഫീസും പ്രതിഷേധക്കാര്‍ അടപ്പിച്ചു. പ്രകടനം കടന്നുപോയ വഴികളിലെ ഫ്ലക്സുകളും നശിപ്പിച്ചു. മുക്കത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പോലീസും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കണ്ണൂരില്‍ ഡിസിസി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ കടകളടപ്പിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറക്കടുത്ത് പൊള്ളാച്ചിക്ക് പോയ കെസ്എര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. പാലക്കാട് ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണ്. മലപ്പുറത്ത് ഹർത്താൽ അനുകൂലികൾ പ്രകടനമായെത്തി കടകൾ അടപ്പിച്ചു. മലപ്പുറം പാസ്പോർട് സേവാ കേന്ദ്രത്തിലും ഡിറ്റിപിസി ഓഫീസിലും എത്തിയ ഹർത്താൽ അനുകൂലികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി. മലപ്പുറത്ത് ചങ്ങരകുളത്തും വഴിക്കടവിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞു. കൊണ്ടോട്ടിയിൽ വാഹനം തടഞ്ഞ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.