വ്യക്തിപൂജ വിവാദം: പി ജയരാജനെതിരായ നടപടി ബ്രാഞ്ച് യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2018-06-02 00:23 GMT
Editor : Sithara
വ്യക്തിപൂജ വിവാദം: പി ജയരാജനെതിരായ നടപടി ബ്രാഞ്ച് യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Advertising

വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന കൊല്‍ക്കത്ത പ്ലീനത്തിലെ നിലപാട് ജയരാജന്‍ ലംഘിച്ചെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.

വ്യക്തിപൂജ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരായ പാര്‍ട്ടി സംസ്ഥാന സമിതിയുടെ നടപടി കണ്ണൂരിലെ ബ്രാഞ്ച് യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. അഞ്ച് പേജുകളുളള സംസ്ഥാന സമിതിയുടെ സര്‍ക്കുലറില്‍ ജയരാജനെതിരെ രൂക്ഷമായ വിമര്‍ശമാണുള്ളത്. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന കൊല്‍ക്കത്ത പ്ലീനത്തിലെ നിലപാട് ജയരാജന്‍ ലംഘിച്ചെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.

Full View

ഇക്കഴിഞ്ഞ നവംബര്‍ 12ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റി പി ജയരാജനെതിരായി നടത്തിയ പരാമര്‍ശങ്ങളാണ് കണ്ണൂര്‍ ജില്ലയിലെ 3501 പാര്‍ട്ടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. പി ജയരാജന്റെ് ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ജില്ലാ സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന കമ്മറ്റി ഇക്കാര്യങ്ങള്‍ താഴെ തട്ടില്‍ വിശദീകരിക്കുന്നത്. അഞ്ച് പേജുകളുളള സംസ്ഥാന കമ്മറ്റിയുടെ സര്‍ക്കുലര്‍ നിശ്ചയിക്കപ്പെട്ട ഏരിയാ കമ്മറ്റി അംഗങ്ങളാണ് ബ്രാഞ്ചുകളില്‍ അവതരിപ്പിക്കുന്നത്.

ദൈവദൂതനായി ചിത്രീകരിച്ച ജീവിത രേഖ, പുറച്ചേരി ഗ്രാമീണ വായന ശാല തയ്യാറാക്കിയ സംഗീത ആല്‍ബം, ഭാവി അഭ്യന്തര മന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ഫ്ലക്സുകള്‍ തുടങ്ങി വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ജയരാജനില്‍ നിന്നുണ്ടായതെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന നേതൃ പദവിയിലേക്ക് ഉയരാനുളള ശ്രമമാണ് ഇതിലൂടെ ജയരാജന്‍ നടത്തിയതെന്നും ഇത് കൊല്‍ക്കത്ത പ്ലീനത്തിലെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ പൂര്‍ണമായും ജയരാജന്‍റെ അറിവോടെയാണെന്ന് സംസ്ഥാന കമ്മറ്റി കരുതുന്നില്ല, എന്നാല്‍ ഈ കാര്യങ്ങള്‍ തടയാന്‍ ജയരാജന്‍ ശ്രമിക്കാതിരുന്നത് ഗൌരവത്തോടെ കാണണം. പാര്‍ട്ടി എന്നതില്‍ ഉപരി വ്യക്തിയില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ആളുകള്‍ ചേക്കേറുന്ന പ്രവണത ഗുണകരമല്ലെന്നും സര്‍ക്കുലര്‍ പറയുന്നു.

പി ജയരാജന്‍ പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളെ കുറച്ചു കാണുന്നില്ലെന്ന പരാമര്‍ശത്തോടെയാണ് സംസ്ഥാന കമ്മറ്റിയുടെ സര്‍ക്കുലര്‍ അവസാനിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News