വിവാദ പാറമടകള്‍ പ്രവര്‍ത്തിക്കുന്ന ചെമ്പന്‍മുടിയില്‍ പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം
ചെമ്പന്‍മുടിയിലെ പാറമട തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെയും സമരക്കാരിലൊരാളുടെ കൊച്ചുകുട്ടിക്കെതിരെയുമുണ്ടായ പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
വിവാദ പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട റാന്നിയിലെ ചെമ്പന്‍മുടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ജനകീയ പ്രതിഷേധത്തെ മറികടന്ന് പാറമട പ്രവര്‍ത്തിപ്പിക്കാനുള്ള ഉടമകളുടെ നീക്കത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് രമേശ് ചെന്നിത്തല ചെമ്പന്‍മുടിയില്‍ എത്തിയത്.
ചെമ്പന്‍മുടിയിലെ പാറമട തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെയും സമരക്കാരിലൊരാളുടെ കൊച്ചുകുട്ടിക്കെതിരെയുമുണ്ടായ പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിവാദ പാറമടകള്‍ സന്ദര്‍ശിച്ചത്. പഞ്ചായത്ത് വീണ്ടും ഖനാനുമതി നല്‍കിയ മണിമലേത്ത് പാറമടയും ലൈസന്‍സ് പുതുക്കാനായി നീക്കം നടത്തുന്ന കാവുങ്കല്‍ പാറമടയും പ്രതിപക്ഷ നേതാവ് സമരക്കാര്‍ക്കൊപ്പം സന്ദര്‍ശിച്ചു. സമരക്കാര്‍ക്കാരൊടൊപ്പം നില്‍ക്കുമെന്നും വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ജീവനും സ്വത്തിനും, പരിസ്ഥിതിക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന അതിജീവന സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെയും അധികൃധരുടെയും നീക്കം അപലപനീയമാണ്. സമരത്തിനിടെ പൊലീസ് കസ്റ്റഡിയിലായ അമ്മയെ - കാണാന്‍ ശ്രമിച്ച രണ്ടര വയസുകാരിക്കെതിരെ ക്രൂരത കാണിച്ച റാന്നി സിഐ ന്യൂമാനെതിരെ നടപടി ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് ജനകീയ സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ റാന്നി ചെമ്പന്‍മുടിയിലെ മണിമലേത്ത് പാറമടയ്ക്ക് പഞ്ചായത്ത് വീണ്ടും ലൈസന്‍സ് നല്‍കിയതോടെയാണ് ജനകീയ സമരം പുനരാരംഭിച്ചത്.