ജിസിഡിഎയുടെ ഭൂമി കുറഞ്ഞ വിലയ്ക്ക് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് വില്‍ക്കാന്‍ നീക്കം
ജിസിഡിഎയുടെ ഭൂമി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് ഫ്ലാറ്റുപണിയാന്‍ തുച്ഛമായ വിലക്ക് വില്‍ക്കാന്‍ നീക്കം.
ജിസിഡിഎയുടെ ഭൂമി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് ഫ്ലാറ്റുപണിയാന്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കാന്‍ നീക്കം. വെയര്‍ഹൌസുകളും ലൈറ്റ് ഇന്‍ഡസ്ട്രീസിനും മാത്രമായി മറ്റിവെച്ചിട്ടുള്ള കടവന്ത്രയിലെ ഭൂമിയാണ് വ്യവസ്ഥകള്‍ ലംഘിച്ച് മറിച്ചുവില്‍ക്കാനൊരുങ്ങുന്നത്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് ജിസിഡിഎ അധികൃതരുടെ നീക്കം. രേഖകള്‍ മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 10 നാണ് ഫ്ലാറ്റ് നിര്‍മിക്കാന്‍ സ്ഥലമാവശ്യപ്പെട്ട് സിവില്‍ സര്‍വ്വീസ് ഓഫിസേഴ്സ് ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജിസിഡിഎക്ക് കത്ത് നല്‍കിയത്. അന്നുതന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്മെക്ക് എന്ന സ്ഥാപനത്തിന് 2020 വരെ ഗോഡൌണിനായി വാടകയ്ക്ക് നല്‍കിയ സ്ഥലം വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിക്കുകയും ചെയ്തു. കടവന്ത്രയില്‍ കേന്ദ്രീയവിദ്യാലയത്തിന് പുറകിലായി ഇന്‍ഡസ്ട്രീസ് ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയാണ് ജിസിഡിഎ നേതൃത്വം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എളങ്കുളം നോര്‍ത്ത് ഡിറ്റിപി സ്ക്കീമിള്‍ ഉള്‍പ്പെട്ട ഈ ഭൂമി ഗോഡൌണുകള്‍, വെയര്‍ഹൌസുകള്‍, ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്ക് മാത്രമേ ഉപയോഗിക്കാവൂവെന്നാണ് വ്യവസ്ഥ. ഇക്കാര്യം വ്യക്തമാക്കി റസിഡന്‍ഷ്യല്‍ ബില്‍ഡിങ് നിര്‍മാണം സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ അത് തള്ളിയാണ് സ്ഥലത്ത് അപ്പാര്‍ട്ട്മെന്‍റ് നിര്‍മിക്കുന്നതിന് തടസമില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ നിലപാടെടുത്തത്.
സെന്‍റിന് 25 ലക്ഷം രൂപവരെ മാര്‍ക്കറ്റ് വിലയുള്ള പ്രദേശത്ത് വെറും 7 ലക്ഷത്തി 35 ആയിരം രൂപയ്ക്കാണ് ജിസിഡിഎ ഭൂമി വില്‍ക്കുന്നത്. എന്നാല്‍ ഭൂമിയുടെ വിലനിശ്ചയിച്ചത് റവന്യൂ വകപ്പാണെന്നും വില്‍ക്കുന്നതിനായി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ മീഡിയവണിനോട് പറഞ്ഞു.