ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു
തിരുവനന്തപുരത്ത് അമ്പൂരില്‍ ഉരുള്‍പൊട്ടി, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 40ലധികം വള്ളങ്ങള്‍ തിരികെ എത്തിയില്ല, കൊല്ലത്ത് മരം വീണ് ഓട്ടാ ഡ്രൈവര്‍ മരിച്ചു, പമ്പയില്‍ ജലനിരപ്പ് ഉയരുന്നു
ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. കന്യാകുമാരിയില്‍ നാല് മരണം. കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും. തിരുവനന്തപുരത്ത് അമ്പൂരില്‍ ഉരുള്‍പൊട്ടി. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 40ലധികം വള്ളങ്ങള്‍ തിരികെ എത്തിയില്ല. കൊല്ലത്ത് മരം വീണ് ഓട്ടാ ഡ്രൈവര്‍ മരിച്ചു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നാവിക, വ്യോമ സേനകളുടെ സഹായം തേടി.
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ നിന്ന് 40 ലധികം വള്ളങ്ങള്‍ തിരികെ എത്തിയില്ല. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയിലാണ്. സ്ഥലം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. മറൈന്‍ എന്‍ഫോഴ്സമെന്‍റിന്റെ രണ്ട് നിരീക്ഷണ ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് ബോട്ടുകളും വിഴിഞ്ഞത്തേക്ക് തിരിച്ചിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളേയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ നാശനഷ്ടം തിരുവനന്തപുരം ജില്ലയിലെന്ന് വിലയിരുത്തല്‍. ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം. കോസ്റ്റ്ഗാര്‍ഡിന്‍റെയും, നാവിക, വ്യോമസേനകളുടേയും സഹായവും രക്ഷാപ്രവര്‍ത്തനത്തിന് വായു സേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്ക് കിഴക്ക് വീശുന്ന ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്കു നീങ്ങാനാണ് സാധ്യത. മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള തീവ്രന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും കേരള തീരത്തേക്ക് ചുഴലിക്കാറ്റ് കടക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലാകും കൂടുതല്‍ അനുഭവപ്പെടുക. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വൈകിട്ട് ആറിനും ഏഴിനും ഇടക്ക് ശബരി മലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കാനന പാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കുക, പുഴയില്‍ കുളിക്കാനിറങ്ങരുത് തുടങ്ങി കനത്ത ജാഗ്രതാ നിര്‍ദേശമാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നത്.