തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവം ഒതുക്കിത്തീര്‍ക്കാൻ ശ്രമം
ഫയലുകൾ കാണാതായി അഞ്ച് മാസം പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടുപിടിക്കാനോ നടപടിയെടുക്കാനോ കഴിഞ്ഞിട്ടില്ല.
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ സംഭവം ഒതുക്കിത്തീര്‍ക്കാൻ ശ്രമം. ഫയലുകൾ കാണാതായി അഞ്ച് മാസം പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടുപിടിക്കാനോ നടപടിയെടുക്കാനോ കഴിഞ്ഞിട്ടില്ല. ഇതിൽ നഗരസഭയ്ക്ക് പങ്കില്ലെന്നും പോലീസാണ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതെന്നുമാണ് നഗരസഭാ ഭരണ സമിതിയുടെ വിശദീകരണം.
മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിനെതിരെ കയ്യേറ്റ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് പരിശോധിക്കാന്‍ നഗരസഭ തീരുമാനിച്ച ഘട്ടത്തിലാണ് അതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന് വ്യക്തമായത്. ഒരു മാസത്തിന് ശേഷം ഇതില്‍ ഒരു ഫയല്‍ നഗരസഭയില്‍ നിന്നു തന്നെ കണ്ടെത്തിയിരുന്നു. ചില സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ട നിലയിലാണ് ഫയല്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ നഗരസഭാദ്ധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരിച്ചെടുക്കുകയും ചെയ്തു. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടാവുകയും ചെയ്തു. ഇക്കാര്യത്തില്‍ നിയമോപദേശം തേടി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു അന്ന് നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫിന്റെ നിലപാട്.
രേഖകള്‍ കാണാതായതിനെ തുടര്‍ന്ന് അവ ഹാജരാക്കാന്‍ ലേക്ക് പാലസ് അധികൃതരോട് നഗരസഭ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയില്ലെന്നാണ് ലേക്ക് പാലസ് മറുപടി നല്‍കിയത്. ഇത്രയും ഗുരുതരമായ സംഭവമായിട്ടും തോമസ് ചാണ്ടി രാജി വെച്ച് വിവാദം തണുത്തതിന്റെ ആനുകൂല്യം മുതലാക്കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍.