വനംവകുപ്പിന്റെ അനാസ്ഥ; പൊന്തംപുഴ വനമേഖല സ്വകാര്യ വ്യക്തികളിലേക്ക്
പത്തനംതിട്ട - കോട്ടയം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പൊന്തംപുഴ വനമേഖലയിലെ 7000 ഏക്കര്‍ വനഭൂമിക്ക് അവകാശവാദമുന്നയിച്ച് 400 ഓളം വ്യക്തികളാണ് ഹൈക്കോടതിയെ സമീപിച്ചത്
പത്തനംതിട്ട - കോട്ടയം ജില്ലാ അതിര്‍ത്തിയിലെ 7000 ഏക്കര്‍ വനഭൂമി വനംവകുപ്പിന്‍റെ അനാസ്ഥയെ തുടര്‍ന്ന് സ്വകാര്യ വ്യക്തികളിലേക്ക്. പ്രദേശം സംരക്ഷിത വനമെന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ വനം വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതാണ് സ്വകാര്യവ്യക്തികള്‍ക്ക് അനുകൂലമായ വിധിക്ക് കാരണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പുനപരിശോധന ഹരജി നല്‍കാന്‍ വനം മന്ത്രി, വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ട - കോട്ടയം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പൊന്തംപുഴ വനമേഖലയിലെ 7000 ഏക്കര്‍ വനഭൂമിക്ക് അവകാശവാദമുന്നയിച്ച് 400 ഓളം വ്യക്തികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 30 വര്‍ഷമായി തുടരുന്ന നിയമപ്രശ്നത്തില്‍ ഇപ്പോഴാണ് നിര്‍ണായക വിധി ഉണ്ടായത്. 1906ല്‍ തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവുവും 1958ല്‍ കൊല്ലം ഫോറസ്റ്റ് കണ്‍സര്‍വേറ്ററും പ്രദേശം സര്‍വേ രേഖകള്‍ അടക്കം സംരക്ഷിത വനമായി നോട്ടിഫൈ ചെയ്ത് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കുന്നതില്‍ വനംവകുപ്പ് വീഴ്ചവരുത്തി.
സംഭവം വിവാദമായതോടെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും പുനപരിശോധന ഹരജി നല്‍കുന്നതിനും വനംവകുപ്പ് മന്ത്രി കെ രാജു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പ്രദേശം. ഇത് ലക്ഷ്യമിട്ടാണ് വനഭൂമി കൈക്കലാക്കാന്‍ സ്വകാര്യ വ്യക്തികള്‍ നീക്കം നടത്തുന്നത്.