ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍ വെച്ചു തന്നെയെന്ന് ഡോക്ടര്‍മാരുടെ മൊഴി
ശരീരത്തിലെ മുറിവിന്റെ പഴക്കം മൂന്ന് ദിവസം മാത്രമെന്നും ഡോക്ടര്‍മാര്‍ നല്കിയ മൊഴി
ശ്രീജിത്തിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് തെളിയിക്കുന്ന ഡോക്ടർമാരുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പരിക്കേറ്റത് കസ്റ്റഡിയിൽ വെച്ചുതന്നെയാണെന്ന് സാധൂകരിക്കുന്നതാണ് ഡോക്ടർമാരുടെ മൊഴി. കേസ് സിബിഐക്ക് വിടുകയോ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തു വന്നത്. ശരീരത്തിലെ പരിക്കുകൾക്ക് മൂന്നു ദിവസം വരെ മാത്രമാണ് പഴക്കമെന്നാണ് ഡോക്ടർമാരുടെ മൊഴി. ശ്രീജിത്തിന്റേത് കസ്റ്റഡി മരണം എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഇതുവരെ കടന്നിട്ടില്ല.
ഇതിനിടെ സസ്പെൻഷനിലായ ആർടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. ഡിവൈഎസ്‍പി ജോർജ് ചെറിയാന്റ മേൽനോട്ടത്തിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
അതേസമയം കസ്റ്റഡിമരണക്കേസ് അട്ടിമറിക്കാൻ സിപിഎമ്മു പൊലീസും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കസ്റ്റഡി മരണം കൊലക്കേസാക്കി മാറ്റിയുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്നലെ പറവൂർ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ആരെയും പ്രതിചേർത്തിട്ടില്ല. മരണകാരണമായ മർദ്ദനം നടത്തിയത് ആരെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം വീടാക്രമണ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെയും കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.