കുത്തഴിഞ്ഞ് സ്‍പോര്‍ട്സ് കൌണ്‍സില്‍; അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു

Update: 2018-06-03 16:30 GMT
Editor : admin
കുത്തഴിഞ്ഞ് സ്‍പോര്‍ട്സ് കൌണ്‍സില്‍; അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു
Advertising

കായികമന്ത്രി അപമാനിച്ചതായി പരാതിയുന്നയിച്ച അഞ്ജു ബോബി ജോര്‍ജിന്റെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു.

Full View

കായികമന്ത്രി അപമാനിച്ചതായി പരാതിയുന്നയിച്ച അഞ്ജു ബോബി ജോര്‍ജിന്റെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. അഞ്ജുവിന്റെ സഹോദരന് കൌണ്‍സിലില്‍ ഉന്നത പദവിയില്‍ ജോലി നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണ്. കൌണ്‍സിലിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് മുന്‍ പ്രസിഡന്റും കായികതാരവുമായ പദ്മിനി തോമസ് ആവശ്യപ്പെട്ടു.

അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിന് സ്പോര്‍ട്സ് കൌണ്‍സിലില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയായാണ് കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് നല്‍കുന്ന കോച്ചിങ് ഡിപ്ലോമ, അന്തര്‍ദേശീയ തലത്തില്‍ പരിശീലന പരിചയം എന്നിവയാണ് ഈ തസ്തികക്ക് വേണ്ട യോഗ്യതകള്‍. ഒരിക്കലെങ്കിലും അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിനുവേണ്ടി മത്സരിച്ചിരിക്കുകയും വേണം.

എന്നാല്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ മാസ്റ്റര്‍ ബിരുദമാണ് അജിത്തിന്റെ യോഗ്യത. ഭാര്യയും അത്‌ലറ്റുമായ സിനിമോള്‍ പൌലോസ്, പ്രീജ ശ്രീധരന്‍, സജീഷ് ജോസഫ് എന്നിവരെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദവുണ്ട്. എന്നാല്‍ യോഗ്യതയില്ലെന്ന് കണ്ട് മുന്‍ പ്രസി‍ഡന്റ് തള്ളിയ അപേക്ഷയാണ് അഞ്ജു വന്നപ്പോള്‍ പരിഗണിക്കപ്പെടുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തലേന്ന് നിയമന ഉത്തരവിറങ്ങുകയും ചെയ്തത്. കസ്റ്റംസില്‍ ജോലിയുള്ള അഞ്ജു വകുപ്പിന്റെ അനുമതിയോടെയാണ് സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷപദം ഏറ്റെടുത്തത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ചെലവില്‍ വീടും വാടകക്ക് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ബംഗളൂരുവില്‍ നിന്ന് ഇവിടേക്കുള്ള വിമാനയാത്രക്കൂലി നല്‍കാനുള്ള തീരുമാനം. കുത്തഴിഞ്ഞ് കിടക്കുന്ന സ്പോര്‍ട്സ് കൌണ്‍സിലിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി അന്വേഷിച്ചതാണ് അഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News