വിവാഹിതരാവാതെ ഒരുമിച്ചു ജീവിച്ച വിദ്യാര്‍ഥികളെ കോളജ് പുറത്താക്കിയതിനെ അനുകൂലിച്ച് ഹൈക്കോടതി

Update: 2018-06-03 11:12 GMT
വിവാഹിതരാവാതെ ഒരുമിച്ചു ജീവിച്ച വിദ്യാര്‍ഥികളെ കോളജ് പുറത്താക്കിയതിനെ അനുകൂലിച്ച് ഹൈക്കോടതി
Advertising

ഇരുപത് വയസുള്ള വിദ്യാര്‍ഥികളെയാണ് വിവാഹിതരാകാതെ ഒരുമിച്ചു ജീവിച്ചുവെന്ന പേരില്‍ കോളജില്‍ നിന്നും പുറത്താക്കിയത്. കോളജ് മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച വിദ്യാര്‍ഥികളെ പുറത്താക്കിയ കോളജ് മാനേജ്മെന്‍റ് നടപടിയെ അനുകൂലിച്ച് ഹൈക്കോടതി. വിവാഹിതരാകാതെ പരസ്പര സമ്മതത്തോടെ ജീവിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് കേരള ഹൈക്കോടതിയുടെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സഹപാഠിയോടൊപ്പം കഴിഞ്ഞതിന് കോളജില്‍ നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് കൊല്ലം ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി വിദ്യാര്‍ഥിനി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി കോളജ് മാനേജ്മെന്‍റിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ പ്രണയത്തിന് വേണ്ടി ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കുന്നവര്‍ അതിന്‍റെ പ്രത്യാഘാതങ്ങളും അനുഭവിക്കാന്‍ തയ്യാറാകണമെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ പറഞ്ഞു. ഇരുപത് വയസുള്ള വിദ്യാര്‍ഥികളെയാണ് വിവാഹിതരാകാതെ ഒരുമിച്ചു ജീവിച്ചുവെന്ന പേരില്‍ കോളജില്‍ നിന്നും പുറത്താക്കിയത്. കോളജ് മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് രണ്ട് വ്യക്തികളുടെ മാത്രം വിഷയമായി കാണാനാകില്ലെന്നും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയാനുള്ള കടുത്ത തീരുമാനം എടുത്തതു കൂടി കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ ഇവര്‍ക്ക് സ്വന്തം നിലക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിയും. എന്നാല്‍ ഇവര്‍ക്ക് വിവാഹത്തിന്‍റെ നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്യാര്‍ഥികളെ പുറത്താക്കിയ മാനേജ്മെന്‍റ് നടപടിയില്‍ ഇടപെടില്ലെന്ന് കേരള സര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നു. കോളജിന്‍റെ അച്ചടക്കം പാലിക്കുന്നതിനുള്ള നടപടിയാണിതെന്ന നിലപാട് തള്ളിക്കളയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ഹരജിക്കാരി സഹപാഠിയായ വിദ്യാര്‍ഥിയോടൊപ്പം ഒളിച്ചോടി തിരുവനന്തപുരത്തെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി. ഇവരെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. സംഭവത്തെ തുടര്‍ന്ന് കോളജില്‍ നിന്ന് പുറത്താക്കിയതോടെയാണ് വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. ഇതുവരെയുള്ള തന്‍റെ മികച്ച അക്കാദമിക് പശ്ചാത്തലം കണക്കിലെടുത്ത് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി.

ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ വിദ്യാര്‍ഥികളെ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് കോളജ് അധികൃതരോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അച്ചടക്കം പാലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്ന് വിഷയത്തില്‍ തങ്ങളുടെ നിസഹായാവസ്ഥ വ്യക്തമാക്കുകയാണ് കോളജ് അധികൃതര്‍ ചെയ്തത്. കോളജിന്‍റെ അച്ചടക്കം പാലിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും കോടതിക്കും ഇത് സംബന്ധിച്ച് ആശങ്കയുണ്ടെന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് വിദ്യാര്‍ഥികള്‍ സമ്മതിച്ചകാര്യവും കോടതി ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News