കളമശ്ശേരി നഗരസഭയുടെ ഡംപിങ് യാര്‍ഡിനെതിരെ ആം ആദ്മി പ്രതിഷേധം
മാലിന്യവുമായി ഡംപിങ് യാര്‍ഡിലേക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ ഡംപിങ് യാര്‍ഡ് താഴിട്ട് പൂട്ടി...
എറണാകുളം കളമശ്ശേരി നഗരസഭയുടെ മാലിന്യ നിക്ഷേപ യാര്‍ഡിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. മാലിന്യവുമായി ഡംപിങ് യാര്‍ഡിലേക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ ഡംപിങ് യാര്‍ഡ് താഴിട്ട് പൂട്ടി.
വര്‍ഷങ്ങളായി കളമശ്ശേരി നഗരസഭക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നത് ദേശീയപാതയുടെ തൊട്ടരികിലുള്ള ഈ ഡംപിങ് യാര്‍ഡിലാണ്. ഇതു മൂലം അസഹ്യമായ ദുര്‍ഗന്ധവും പരിസ്ഥിതി മലിനീകരണവുമാണ് പ്രദേശത്തുള്ളത്. ഡംപിങ് യാര്‍ഡിലെ മാലിന്യങ്ങളില്‍ നിന്നുള്ള മലിനജലം 10 മീറ്റര്‍ അകലെയുള്ള തൂമ്പുങ്കല്‍ തോട്ടിലേക്ക് ഒലിച്ചിറങ്ങി മുട്ടാര്‍ പുഴ മലിനമാകുന്നു. മുട്ടാര്‍ പുഴയില്‍ നിന്ന് വെള്ളമെടുക്കുന്ന പ്രദേശവാസികള്‍ക്ക് അസുഖങ്ങള്‍ പിടിപെടുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ആം ആദ്മിപാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.
മാലിന്യ നിക്ഷേപ കേന്ദ്രത്തിനടുത്താണ് നഗരസഭയുടെ ശ്മശാനം സ്ഥിതി ചെയ്യുന്നത്..ഇത് സുപ്രീം കോടതി നിയമിച്ച അല്‍മിത്ര പട്ടേല്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. പുഴയോരത്തും ദേശീയ പാതക്കരികിലും മാലിന്യ നിക്ഷപ കേന്ദ്രം പാടില്ലെന്നുമുള്ള നിര്‍ദ്ദേശവും നഗരസഭ ലംഘിക്കുന്നു. കളമശ്ശേരി നഗരസഭക്കെതിരെ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം.