സ്പിന്നിംഗ് മില്ലുകളുടെ പ്രവര്‍ത്തനം: കര്‍ശന നടപടികളുമായി വ്യവസായ വകുപ്പ്

Update: 2018-06-04 18:06 GMT
സ്പിന്നിംഗ് മില്ലുകളുടെ പ്രവര്‍ത്തനം: കര്‍ശന നടപടികളുമായി വ്യവസായ വകുപ്പ്
Advertising

വരവ് ചെലവ് കണക്കുകള്‍ സഹിതം എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

Full View

കേരളാ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്പിന്നിംഗ് മില്ലുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പിന്‍റെ തീരുമാനം. വരവ് ചെലവ് കണക്കുകള്‍ സഹിതം എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍‍കി. സര്‍ക്കാര്‍ സഹായമുണ്ടായിട്ടും കോടികളുടെ നഷ്ടത്തിലേക്ക് മില്ലുകള്‍ കൂപ്പുകുത്തിയതിനെ തുടര്‍ന്നാണ് നടപടി.

വൈദ്യുതി കുടിശിക അടക്കാനാവാത്തതിനെ തുടര്‍ന്ന് കേരളാ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന് കീഴിലെ മില്ലുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ട് മാസങ്ങളായി. സഹകരണ മേഖലയിലെ സ്പിന്നിംഗ് മില്ലുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമാണ്. കോടികളുടെ ധന സഹായം സര്‍ക്കാര്‍ നല്‍കിയിട്ടും നഷ്ടം കുറക്കാന്‍ പോലുമാകാത്ത സാഹചര്യത്തിലാണ് സ്പിന്നിംഗ് മില്ലുകള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇനി മുതല്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതു മുതലുള്ള ചെലവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മില്ലുകള്‍ എല്ലാ ആഴ്ചയിലും റിയാബ് ചെയര്‍മാന് നല്‍കണം. റിയാബ് ചെയര്‍മാന്‍ എല്ലാ മാസവും റിപ്പോര്‍ട്ട് ക്രോഡീകരിച്ച് മന്ത്രിക്ക് സമര്‍പ്പിക്കും.

സ്പിന്നിംഗ് മില്ലുകളിലേക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത് ഏകീകരിക്കാന്‍ കോട്ടണ്‍ സെന്‍ട്രല്‍ പര്‍ച്ചെയ്സിങ് കമ്മിറ്റി പുനസ്ഥാപിക്കും. കെ.എസ്.ടി.സി എം.ഡി, ടെക്സ്ഫെഡ് എം.ഡി, സ്പിന്നിങ്ങ് മില്ലുകളിലെ എം.ഡിമാര്‍, റിയാബ് പ്രതിനിധി എന്നിവരാകും കമ്മറ്റിയിലെ അംഗങ്ങള്‍. ഈ കമ്മറ്റി മുഖേന മാത്രമേ ഇനി കോട്ടണ്‍ വാങ്ങാന്‍ മില്ലുകള്‍ക്ക് സാധിക്കൂ.

മില്ലുകള്‍ക്ക് ആവശ്യമായ കോട്ടണ്‍ സംബന്ധിച്ച കണക്കുകള്‍ ഇ ടെണ്ടര്‍ ചെയ്യും. ഇതിനായി ഓരോ മില്ലും അവര്‍ക്കാവശ്യമായ കോട്ടണ്‍ എത്രയെന്ന് പര്‍ച്ചേസിംഗ് കമ്മറ്റിയെ അറിയിക്കണം. ഈ നിര്‍ദേശങ്ങള്‍ മില്ലുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കോടികളുടെ ബാധ്യതകളുള്ള മില്ലുകള്‍ക്ക് അടിയന്തരമായി സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നത്.

Tags:    

Similar News