യുഡിഎഫ് സീറ്റ് ചര്‍ച്ചയില്‍ തീരുമാനമായില്ല
കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും ജേക്കബ് വിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളും. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. അധിക സീറ്റെന്ന ആവശ്യത്തിന്മേലാണ് മാണി വിഭാഗവുമായുള്ള ചര്‍ച്ച തടസപ്പെട്ടത്. ജേക്കബ് വിഭാഗവുമായി 31 ന് ചര്‍ച്ച നടത്തും. അതിനിടെ കുന്ദമംഗലം സീറ്റ് നല്‍കണമെന്ന ആവശ്യം മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഇന്നോടെ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ മാണി വിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ തന്നെ ധാരണയിലെത്താന്‍ കഴിയാതെ പിരിയുകയായിരുന്നു. അധിക സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഉഭയകക്ഷി ചര്‍ക്ക് മുന്‍പ് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വെച്ചുമാറണമെന്ന നിര്‍ദേശവും മാണി തള്ളി. ജേക്കബ് വിഭാഗവുമായി ആയിരുന്നു രണ്ടാമത്തെ ചര്‍ച്ച. അതിലും തീരുമാനമായില്ല.
അതിനിടെ ഇരവിപുരത്തിന് പകരം കുന്ദമംഗലം വേണമെന്ന ആവശ്യം മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ചടയമംഗലമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തിന് പകരമാണ് ലീഗ് ഇക്കാര്യം മുന്നോട്ടുവെച്ചത്. ഈ ഒരു സീറ്റില്‍ മാത്രമാണ് ലീഗുമായി ധാരണയില്‍ എത്തേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോയ കോണ്‍ഗ്രസ് നേതാക്കള്‍ തിരികെ എത്തിയ ശേഷമായിരിക്കും സീറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുക.