അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി എംപിയുണ്ടാകണമെന്ന് അമിത് ഷാ
സംസ്ഥാനത്ത് ബി ജെ പി താഴേതട്ടു മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും എന്‍ഡിഎ വിപുലീകരിക്കാനും കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി.
കേരളത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം തുടരുന്നു. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കായിരുന്നു ദേശീയ അധ്യക്ഷന്റെ തിരക്കിട്ട യോഗങ്ങൾ. ബി ജെ പി കോർ കമ്മിറ്റി യോഗത്തിലും എൻ ഡി എ യോഗത്തിലും സംബന്ധിച്ച അമിത് ഷാ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പുകളിൽ വോട്ട് വർദ്ധിപ്പിക്കുന്ന പാർട്ടി സീറ്റ് നേടണമെന്നതായിരുന്നു ദേശീയ പ്രസിഡന്റിന്റെ പ്രധാന ആവശ്യം. ഇതിനായി ബി ജെ പി താഴെ തട്ട് മുതൽ പ്രവർത്തന രീതി മാറ്റണം. സംസ്ഥാനത്തെ ബി ജെ പിയുടെ നിലവിലെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച അമിത് ഷാ ശൈലി മാറ്റാൻ ആവശ്യപ്പെട്ടു. എൻ ഡി എ ഘടകക്ഷികളുടെ പ്രശ്നങ്ങൾ കേട്ട അദ്ദേഹം പരാതികൾ ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി.
ബീഫ് നിരോധവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കാൻ കേരളത്തിലെ മറ്റു മുന്നണികൾ കെതിരെ എൻ ഡി എ രംഗത്തു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറോ മലബാർ സഭാ ആർച്ച് ബിഷപ് മേജർ മാർ ജോജ് ആലഞ്ചേരി അടക്കം വിവിധ സഭകളുടെ ആറ് അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി. കുടിക്കാഴ്ച യിൽ രാഷ്ടീയം ഉയർന്നില്ലെന്നും സൗഹാർദ്ദ സന്ദർശനമായിരുന്നുവെന്നും സിറോ മലബാർ സഭ പ്രതികരിച്ചു