യോഗ സെന്ററിനെതിരെ പരാതിപ്പെട്ട ഷുഹൈബിനും അഷിതയ്ക്കും സംരക്ഷണം നല്‍കാന്‍ ഉത്തരവ്

Update: 2018-06-04 13:05 GMT
Editor : Jaisy
യോഗ സെന്ററിനെതിരെ പരാതിപ്പെട്ട ഷുഹൈബിനും അഷിതയ്ക്കും സംരക്ഷണം നല്‍കാന്‍ ഉത്തരവ്
Advertising

ജീവന് ഭീഷണിയുണ്ടെന്ന ഹരജിയിലാണ് ഉത്തരവ്

തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരെ പരാതി ഉന്നയിച്ച കണ്ണൂര്‍ സ്വദേശികളായ ഷുഹൈബിനും അഷിതയ്ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ജീവന് ഭീഷണിയുണ്ടെന്ന ഹരജിയിലാണ് ഉത്തരവ്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താനും കോടതി നിര്‍ദേശം നല്‍കി. അഷിതയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Full View

തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തിന്‍റെ സമ്മര്‍ദ്ദം മൂലം തന്നെ വിവാഹം കഴിക്കുന്നില്ലെന്ന് അഷിതയെ കോടതിയിൽ പറയിപ്പിച്ചതായി ചൂണ്ടിക്കാട്ടി ധര്‍മടം സ്വദേശി ഷുഹൈബ് നല്‍കിയ ഹരജിയിലാണ് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഹൈകോടതി മുമ്പ് പരിഗണിച്ച ത​ന്‍റെ ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധി പുനപരിശോധിക്കണമെന്നും ഹരജിയില്‍ പറയുന്നു. യുവതി ഇപ്പോൾ ഹരജിക്കാരനൊപ്പമാണ്​. തന്നെ വിവാഹം കഴിക്കാന്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ജനുവരി ഒന്നിന് ത​ന്‍റെ പ്രണയിനിയായ അഷിതയെ ആര്‍എസ്എസ്​, ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകർ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി ഹരജിയിൽ പറയുന്നു.

ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച ഹൈകോടതി ഫെബ്രുവരി 23ന് അഷിതയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാൽ ഷുഹൈബിന് ഒപ്പം പോവാന്‍ തീരുമാനിച്ചാല്‍ രണ്ട് പേരെയും കോടതിയിലിട്ട് കൊല്ലുമെന്ന് മനോജ് ഗുരുജി ഭീഷണിപ്പെടുത്തി. സ്വന്തം ഇഷ്​ടത്തിനാണ് വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതെന്നും പഠനം തുടരാന്‍ ആഗ്രഹിക്കുന്നതായി പറയണമെന്നും നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് ബന്ധുക്കളും യോഗാസെൻററിലെ ശ്രീജേഷും ഉണ്ടായിരുന്നു. പുറത്ത് മാരകായുധങ്ങളുമായി 20 ഗുണ്ടകളും ഉണ്ടായിരുന്നു. അതിനാലാണ് തനിക്കൊപ്പം പോവില്ലെന്ന് അഷിത കോടതിയില്‍ പറഞ്ഞതെന്നും ഷുഹൈബ് നല്‍കിയ ഹരജിയില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസ് സംരക്ഷണം അനുവദിച്ച കോടതി ഷുഹൈബിനും അഷിതയ്ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News