തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അംഗങ്ങള്‍ മേയറെ കയ്യേറ്റം ചെയ്തു
മേയര്‍ വികെ പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു...
തിരുവനന്തപുരം നഗരസഭാ മേയറെ പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു. കൌണ്‍സില്‍ യോഗത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ അഡ്വ. വി കെ പ്രശാന്തിന് പരിക്കേറ്റു. ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എല്‍ ഡി എഫ് ആരോപിച്ചു. ഇരുവിഭാഗവും പോര്‍വിളി മുഴക്കി സംഘടിച്ചതിനെത്തുടര്‍ന്ന് കോര്‍പറേഷന്‍ പരിസരം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയിലായി.
ഉച്ചക്ക് ഒന്നരയോടെ കൌണ്‍സില്‍ യോഗത്തിന് ശേഷമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസ് നാടകീയ സംഭവങ്ങള്‍ക്ക് വേദിയായത്. തലക്കും കാലിനും പരിക്കേറ്റ മേയര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഹൈമാസ്ക് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് നിയന്ത്രിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇത് പുന:പരിശോധിക്കണമെന്ന ബിജെപി ആവശ്യം നിരസിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോര്‍പറേഷന്‍ കവാടം ഉപരോധിച്ച് ബിജെപിയും അക്രമികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടത് കൌണ്‍സിലര്‍മാരും ജീവനക്കാരും സംഘടിച്ചു.
ഇരുവിഭാഗവും നഗരത്തില്‍ പ്രതിഷേധ ജാഥ നടത്തി. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ആനന്ദാണ് മേയറെ ആക്രമിച്ചതെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി ആരോപിച്ചു. ആക്രമണം പ്രാകൃതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.