മുന്നണി പ്രവേശം: എല്‍ഡിഎഫ് വാക്ക് പാലിക്കണമെന്ന് ഐഎന്‍എല്‍
ജെഡിയുവിന്‍റെ ഇടതുമുന്നണി പ്രവേശം ചര്‍ച്ചയാവുന്നതിനിടെ മുന്നണി പ്രവേശത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തി ഐഎന്‍എല്‍.
ജെഡിയുവിന്‍റെ ഇടതുമുന്നണി പ്രവേശം ചര്‍ച്ചയാവുന്നതിനിടെ മുന്നണി പ്രവേശത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തി ഐഎന്‍എല്‍. വിഷയം ചര്‍ച്ച ചെയ്യാനായി വിപുലമായ ഭാരവാഹി യോഗങ്ങള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ ഐഎന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയ പ്രതിഫലനം ഉണ്ടാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ എപി അബ്ദുല്‍ വഹാബ് മീഡിയവണിനോട് പറഞ്ഞു.
ഇടത് മുന്നണി വികസിപ്പിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പലവട്ടം നല്‍കിയ ഉറപ്പ്. അതിനിടയിലാണ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് വരുന്ന വീരേന്ദ്രകുമാറിനേയും കൂട്ടരേയും ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളും അനൌദ്യോഗികമായി സജീവമാകുന്നത്. കഴിഞ്ഞ 23 വര്‍ഷമായി ഇടത് പക്ഷത്ത് ഉറച്ച് നില്‍ക്കുന്ന തങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നതാണ് ഐഎന്‍എല്ലിന്റെ ആവശ്യം. വിഷയം വിശദമായി ചര്‍ച്ച ചെയ്യാനായി വരും ദിവസങ്ങളില്‍ സംസ്ഥാന ഭാരവാഹി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഇനിയും മുന്നണി പ്രവേശം സാധ്യമാകാതിരുന്നാല്‍ അത് പാര്‍ട്ടിയുടെ ഭാവിയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പൊതുജനങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ ഉറപ്പ് എല്‍ഡിഎഫ് നേതൃത്വം പാലിക്കണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ എല്‍ഡിഎഫ് നേതാക്കളുമായി ഐഎന്‍എല്‍ നേതൃത്വം ചര്‍ച്ചകള്‍ നടത്തും.