പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് കേരളം
സംസ്ഥാന ഡിജിപിമാരുടെ യോഗത്തിൽ ലോക്‍നാഥ് ബെഹ്‍റയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളം. സംസ്ഥാന ഡിജിപിമാരുടെ യോഗത്തിൽ ലോക്‍നാഥ് ബെഹ്‍റയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുള്ള കേസുകള്‍ ബെഹ്‍റ വിശദീകരിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജുവിനെ ഉദ്ധരിച്ച് 'ദ ഹിന്ദു' പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം കൂടുതൽ പരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കിരണ്‍ റിജ്ജിജു വ്യക്തമാക്കി.
കേരളവും കര്‍ണാടകയില്‍ നിന്നുള്ള സംഘപരിവാര്‍ സംഘടനകളും നേരത്തെ തന്നെ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് കേരളം ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. മധ്യപ്രദേശിലെ തെകന്‍പൂരില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാന ഡിജിപി ലോക്‍നാഥ് ബെഹ്റ ഇക്കാര്യം മുന്നോട്ടുവെച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുള്ള കേസുകള്‍ പവര്‍പോയിന്‍റ് പ്രസന്‍റേഷനിലൂടെ ഡിജിപി യോഗത്തില്‍ വിശദീകരിച്ചു. തൊടുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് ഉള്‍പ്പടെ ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി കേസുകളില്‍ പ്രതികളായി വരുന്നത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ളവ ഇവര്‍ നടത്തുന്നുണ്ടെന്നും കേരളം യോഗത്തില്‍ പറഞ്ഞു.
നേരത്തെ കര്‍ണാടകയില്‍ നിന്നും സമാന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും യോഗത്തില്‍ കര്‍ണാടക മൌനം പാലിക്കുകയായിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിശോധിച്ചു വരികയാണെന്നും കേരളത്തിന് പുറത്തും സംഘടന ഉള്‍പ്പെട്ട കേസുകള്‍ നിരീക്ഷിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും കിരണ്‍ റിജ്ജ്ജ്ജു പറഞ്ഞതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പുതന്നെ നിരോധനത്തിന് സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.